കോവിഡ് ലോകം മുഴുവന്‍ വ്യാപിച്ചതോടെ അന്താരാഷ്ട്ര യാത്രകളെല്ലാം സഞ്ചാരികള്‍ക്ക് കിനാവായി മാറി. പലരും യാത്ര ചെയ്യാനാവാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. 

ടൂറിസവുമായി അടുത്ത ബന്ധമുളള പല രാജ്യങ്ങളുടെയും സാമ്പത്തികനിലയും ഇക്കാലയളവില്‍ തകിടം മറിഞ്ഞു. എന്നാല്‍ കോവിഡ് കാലത്തും യാത്ര ചെയ്യാനുള്ള പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്‍. സഞ്ചാരികള്‍ ഏറെയെത്തുന്ന ജപ്പാന്‍, വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

വാക്‌സിനെടുത്ത യാത്രികര്‍ക്ക് ജപ്പാനിലേക്ക് യാത്ര നടത്താനുള്ള അവസരം ഈ പാസ്‌പോര്‍ട്ട് ഒരുക്കും. അതിനായി ഫോണ്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്താം.

ജപ്പാനിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ എടുത്തിരിക്കണം. വാക്‌സിനെടുത്താല്‍ ജപ്പാനിലേക്ക് പറക്കും മുന്‍പ് എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്യണം. ഇതുവഴി വാക്‌സിനെടുത്തതിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ജപ്പാനിലേക്ക് സ്വസ്ഥമായി പറക്കാം.

വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ യാത്ര നടത്താനാകൂ. ജപ്പാനിലെത്തിയ ശേഷം ഇവര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകുകയും വേണം. 

Content Highlights: Japan to introduce vaccine passports for foreigners