പ്രതീകാത്മക ചിത്രങ്ങൾ | Photo: https: instagram.com/visitjapanjp/
കണ്ടാലും കണ്ടാലും തീരാത്ത മനോഹര കാഴ്ചകളുടെ രാജ്യമാണ് ജപ്പാന്‍. നഗരങ്ങളും തീരങ്ങളും ദ്വീപുകളും ഗ്രാമങ്ങളുമെല്ലാമായി സമ്പന്നമാണ് ജപ്പാനിലെ കാഴ്ചകള്‍. വിചിത്രവും അതിമനോഹരവുമായ ഭൂപ്രകൃതിയാണ് ജപ്പാന്റെ മറ്റൊരാകര്‍ഷണം. പുതിയ വാര്‍ത്തകള്‍ പ്രകാരം ഇന്നുവരെ നിലനിന്നിരുന്നതായി അറിയില്ലാതിരുന്ന നിരവധി ദ്വീപുകള്‍ കണ്ടെത്തിയിരിക്കയാണ് ജപ്പാന്‍. ഒന്നും രണ്ടുമല്ല ഏഴായിരത്തോളം പുതിയ ദ്വീപുകള്‍.
ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് പുറത്തുവിടുന്ന പുതിയ വിവരങ്ങള്‍ പ്രകാരം 14,125 ദ്വീപുകളാണ് ഇപ്പോള്‍ ജപ്പാന്റെ അധീനതയിലുള്ളത്. 1987 മുതല്‍ സമീപകാലം വരെ ഉണ്ടായിരുന്ന ദ്വീപുകളുടെ എണ്ണം 6,852 ആയിരുന്നു. ഇതിപ്പോള്‍ ഇരട്ടിയായിരിക്കയാണ്. ഈയിടെ നടത്തിയ ഡിജിറ്റല്‍ മാപ്പിങിലാണ് പുതിയ ദ്വീപുകള്‍ കണ്ടെത്തിയത്.
ഇത് എങ്ങനെ സംഭവിച്ചുവെന്നല്ലേ..? ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയന്നത് ഇപ്രകാരമാണ്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്ന് ലഭ്യമായിരുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജപ്പാന്‍ ദ്വീപുകളുടെ എണ്ണമെടുത്തപ്പോള്‍ വലിയ ദ്വീപുകളും ചെറുദ്വീപങ്ങളുടെ കൂട്ടങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇത്തരത്തില്‍ ആയിരക്കണക്കിന് ചെറുദ്വീപുകളെ ഒരെണ്ണമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. മാത്രമല്ല, പിന്നീട് ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഈ ദ്വീപുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചു.
100 മീറ്ററോ അതില്‍ കൂടുതലോ ചുറ്റളവ് ഉള്ളവ മാത്രമാണ് ഇപ്പോഴത്തെ കണക്കെടുപ്പിലും പരിഗണിച്ചിരിക്കുന്നത്. ഏരിയല്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇവ ദ്വീപുകള്‍ തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ദ്വീപുകളെ പരിഗണിക്കപ്പെടുന്നതില്‍ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ലെന്നും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു. പുതുതായി കണ്ടെത്തിയ ദ്വീപുകളില്‍ ഒന്നില്‍പോലും മനുഷ്യവാസമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
ദ്വീപുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് ജപ്പാന്‍ പാര്‍ലമെന്റില്‍ ഉടലെടുത്ത തര്‍ക്കമാണ് പുതിയ സര്‍വേയിലേക്ക് നയിച്ചതെന്നാണ് വിവരം. ദ്വീപുകളുടെ എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും ഇത് പ്രസിദ്ധപ്പെടുത്തണമെന്നും ജപ്പാന്‍ പാര്‍ലമെന്റില്‍ ആവശ്യമുയരുകയായിരുന്നു.
Content Highlights: Japan just discovered 7000 islands
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..