Photo: Twitter| ArchaeologyIN
കേടുപാടുകള്‍ സംഭവിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് ജയ്പുര്‍ നഗരത്തിലെ ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയത്തിന്റെ കൈവശമുള്ള വിലപ്പെട്ട ടുട്ടു എന്ന പുരാതന ഈജിപ്ഷ്യന്‍ മമ്മിയെ കെട്ടിടത്തിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ജയ്പുരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് അധികൃതരുടെ ഈ നീക്കം.
കേടുപാടുകളില്‍ നിന്ന് മമ്മി രക്ഷപ്പെട്ടെങ്കിലും മറ്റ് നിരവധി പുരാവസ്തുക്കളും പെയിന്റിംഗുകളും മഴവെള്ളത്തില്‍ നനഞ്ഞതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വെള്ളിയാഴ്ച പെയ്ത മഴയില്‍ മൂന്നുമുതല്‍ നാലുവരെ അടി ഉയരത്തില്‍ വെള്ളം നിറഞ്ഞ ബേസ്‌മെന്റില്‍ നിന്ന് ജീവനക്കാര്‍ ഗ്ലാസ് കവര്‍ പൊട്ടിച്ചാണ് മമ്മി നീക്കം ചെയ്തതെന്ന് ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ പ്രകാശ് ചന്ദ് ശര്‍മ പറഞ്ഞു.
ഈജിപ്തിലെ ടോളമൈക്ക് കാലഘട്ടത്തില്‍ (ബിസി 322 മുതല്‍ ബിസി 30 വരെ) ഉള്‍പ്പെടുന്ന ഒരു സ്ത്രീയുടെ മമ്മിയാണിത്. 1887 ലാണിത് ജയ്പൂരിലേക്ക് ഇറക്കുമതി ചെയ്തത്. 2011-ലാണ് ഇത് അവസാനമായി ഈജിപ്തില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധിച്ചതും നല്ലനിലയിലാണെന്ന് കണ്ടെത്തുന്നതും.
'കാഴ്ചയ്ക്കായി വെച്ചതും കെട്ടിടത്തിന്റെ അടിഭാഗത്തെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നതുമായ നിരവധി ചരിത്ര ലേഖനങ്ങളും പെയിന്റിംഗുകളും വെള്ളം കാരണം കേടായി. നനഞ്ഞ ഇനങ്ങള്‍ ഉണങ്ങിയതിനുശേഷം മാത്രമേ നഷ്ടം വിലയിരുത്താന്‍ കഴിയൂ. കല്ലുകളുടെയും ലോഹങ്ങളുടെയും വസ്തുക്കള്‍ സുരക്ഷിതമാണെങ്കിലും പെയിന്റിംഗുകളും മറ്റ് വസ്തുക്കളും കേടായി. വിലയിരുത്തലിന് നാലഞ്ചു മാസമെടുക്കും.'' ശര്‍മ പറഞ്ഞു.
വെള്ളിയാഴ്ച ജയ്പൂരില്‍ ഉണ്ടായ കനത്ത മഴയില്‍ ആല്‍ബര്‍ട്ട് ഹാളിന് പിന്നിലുള്ള ഓഫീസില്‍ സൂക്ഷിച്ചിരുന്ന നിരവധി ഔദ്യോഗിക രേഖകളും മറ്റ് വസ്തുക്കളും കേടായെന്ന് അദ്ദേഹം വ്യക്തമാക്കി. മമ്മിയുടെ എക്‌സ്-റേ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കലാ-സാംസ്‌കാരിക മന്ത്രി ബി ഡി കല്ല ചൊവ്വാഴ്ച മ്യൂസിയത്തില്‍ പരിശോധന നടത്തി. നഗരത്തിലെ മറ്റ് സ്ഥലങ്ങളിലെ സ്റ്റോറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇനങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി.
''ഈ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാലറികള്‍ സജ്ജീകരിക്കുന്നതിന് മറ്റ് സ്മാരകങ്ങളില്‍ ഞങ്ങള്‍ക്ക് സ്ഥലം കണ്ടെത്താനാവും. പല രേഖകളും സ്റ്റോറില്‍ ബേസ്‌മെന്റില്‍ സൂക്ഷിച്ചിട്ടുണ്ട്. അവയില്‍ പലതും ഉയര്‍ന്ന ചരിത്ര മൂല്യമുള്ള എ-ക്ലാസ് ഇനങ്ങളാണ്,'' അദ്ദേഹം പറഞ്ഞു. നഗരഹൃദയത്തിലെ രാംനിവാസ് ഗാര്‍ഡന് നടുവില്‍ സ്ഥിതിചെയ്യുന്ന ഐക്കണിക് ആല്‍ബര്‍ട്ട് ഹാളിലെ മ്യൂസിയത്തില്‍ ചരിത്രപരമായ 20,000 ത്തിലധികം വരുന്ന നാണയങ്ങള്‍, ഭരണാധികാരികളുടെ വസ്ത്രങ്ങള്‍, പെയിന്റിംഗുകള്‍, തടി കരകൗശല വസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
Content Highlights: Jaipur, Albert Hall museum, Ancient mummy in Jaipur Museum, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..