റോം: കോവിഡ് മഹാമാരിയില്‍ നിന്നും കരകയറുന്ന ഇറ്റലി സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റലി. കഴിഞ്ഞ വര്‍ഷം കോവിഡ് വളരെ മോശമായി ബാധിച്ച രാജ്യം കൂടിയാണ് ഇറ്റലി.

ഇറ്റലിയുടെ ജി.ഡി.പിയുടെ 13 ശതമാനവും ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ടുതന്നെ ടൂറിസം മേഖലെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെത്തന്നെ അത് ബാധിക്കും. അതുകൊണ്ട് ചില രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇറ്റലിയിലേക്ക് പറക്കാം.

ഇറ്റലിയിലെത്തുന്ന സഞ്ചാരികള്‍ നേരത്തേ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. ഒപ്പം ഇറ്റലിയ്ക്ക് പറക്കുന്നതിന് ചുരുങ്ങിയത് 72 മണിക്കൂറിനുള്ളിലെങ്കിലും എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും ഹാജരാക്കണം. ഈ നിയമങ്ങള്‍ പാലിക്കുന്നവര്‍ ഇറ്റലിയില്‍ ക്വാറന്റീനിന് വിധേയരാകേണ്ട.

യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് നേരത്തേ ഇറ്റലി സഞ്ചാരനുമതി നല്‍കിയിരുന്നു. അനുമതി ലഭിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ കോവിഡ് മാനദണ്ഡങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഹി വ്യക്തമാക്കി.

Content Highlights: Italy opens up for international travellers; on its way to revive tourism