മിലാന്‍: ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഇറ്റലിയിലേക്ക് പറക്കുന്നതിന് വിലക്ക്. ഇന്ത്യയില്‍ കോവിഡ് രോഗം പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ഇറ്റലി പുതിയ തീരുമാനം കൈക്കൊണ്ടത്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇറ്റലിയില്‍ പ്രവേശിക്കാനാകില്ല. ഇറ്റലി ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെറാന്‍സയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ നിന്നും റോമിലെത്തിയ വിമാനത്തിലെ 23 യാത്രക്കാര്‍ക്ക് ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇറ്റലി നിയമം കടുപ്പിക്കുകയായിരുന്നു. 

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതും അതിവേഗത്തില്‍ രോഗം പരക്കുന്നതും ഇറ്റാലിയന്‍ സര്‍ക്കാരിനെ ആശങ്കയിലാക്കുന്നു. ഇതോടെ ഇന്ത്യയെ മിക്ക രാജ്യങ്ങളും യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. കാനഡ, നേപ്പാള്‍, യു.കെ, ജര്‍മനി തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ യാത്രികരെ വിലക്കിയിട്ടുണ്ട്.

Content Highlights: Italy is the latest country to ban travellers from India