ഇറ്റലിയില്‍ ഒരു ഗ്രാമമുണ്ട്. ഒരുപാട് ചരിത്രകഥകള്‍ പറയുന്ന ഗ്രാമം. പേര് ഒല്ലോലായ്. കല്ലുകള്‍ കൊണ്ട് നിര്‍മിതമായ 200 വീടുകളാണ് ഇവിടെയുള്ളത്. ചരിത്ര സ്മാരകങ്ങള്‍ എന്നതിലുപരി വേറെ ചില പ്രത്യേകതകള്‍ ഈ വീടുകള്‍ക്കുണ്ട്. എന്താണെന്നറിയുമോ? ഇവയുടെ വില തന്നെ. ഒറ്റത്തവണ കേട്ടാല്‍ ആരും വാങ്ങിപ്പോകുന്ന വില. 

വെറും 1.20 ഡോളറാണ് ഈ ഗ്രാമത്തിലെ ഒരു വീടിന്റെ വില. പ്രദേശത്തെ ജനസംഖ്യ കൂട്ടി ചരിത്രനഗരമെന്ന ഖ്യാതി തിരിച്ചുപിടിക്കുകയാണ് അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്ന ഈ ഓഫറിനുപിന്നിലുള്ള ലക്ഷ്യം. നേരത്തെ 2250 പേരുണ്ടായിരുന്ന ഗ്രാമത്തില്‍ ഇപ്പോഴുള്ളത് ആകെ 1300 പേരാണ്. നിലവിലെ അവസ്ഥയില്‍ ഒരു പ്രേത ഗ്രാമമെന്നൊക്കെ ഒല്ലോലോയെ വിളിച്ചാലും തെറ്റുപറയില്ല. 

വില്‍പ്പനയ്ക്കുള്ള വീടുകളെല്ലാം അതീവ ദയനീയാവസ്ഥയിലാണ്. അതുകൊണ്ട് വീടുവാങ്ങുന്നവര്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 25,000 ഡോളറെങ്കിലും മുടക്കി വീട് അടച്ചുറപ്പുള്ളതാക്കണമെന്നതാണ് അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥ. ഇപ്പോള്‍ത്തന്നെ മൂന്ന് വീടുകളുടെ വില്‍പ്പന നടന്നതായി ഒല്ലോലായ് മേയര്‍ എഫിസിയോ അര്‍ബോ പറഞ്ഞു. കൂടാതെ നൂറിലേറെ പേര്‍ വീടുവാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അര്‍ബോ കൂട്ടിച്ചേര്‍ത്തു.

കേസ് എ വണ്‍ യൂറോ എന്ന പദ്ധതിയുടെ ഭാഗമായാണ് ഒരു ഡോളറിന് വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2015 ലാണ് പദ്ധതി തുടങ്ങിയതെങ്കിലും മാധ്യമ ശ്രദ്ധ കിട്ടുന്നത് ഇപ്പോഴാണ്. ഫെബ്രുവരി ഏഴിനാണ് വീടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള അവസാന തീയതിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.