രാപ്പുഴ: കടമക്കുടി സമഗ്ര ടൂറിസം പദ്ധതി വരുന്നു. പ്രഖ്യാപനം 14-ന് രാവിലെ എട്ടിന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കടമക്കുടിയിൽ നടത്തും. മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിച്ച വരാപ്പുഴ-കടമക്കുടി റോഡിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അറിയിച്ചു.

കടമക്കുടി ദ്വീപു സമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയിൽ ആവശ്യമുന്നയിക്കുകയും മന്ത്രിക്ക് നേരിട്ട് നിവേദനം നൽകുകയും ചെയ്തിരുന്നതായി എം.എൽ.എ. പറഞ്ഞു. തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി പ്രഖ്യാപനത്തിന് തീരുമാനമായത്.

കടമക്കുടി ദ്വീപുകളുടെ സ്വച്ഛതയും സവിശേഷ പരിസ്ഥിതിയും നിലനിർത്തി ചെലവു കുറഞ്ഞ രീതിയിൽ 'ഐലൻഡ് ലിവിങ് മ്യൂസിയം' പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സുന്ദരമായ ദ്വീപുകളുടെ പ്രകൃതിയെയും സാമൂഹിക ജീവിതത്തെയും സ്വാഭാവിക ജീവിത മ്യൂസിയമാക്കി അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഒരുകോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതി മൂന്നു ഘട്ടങ്ങളിലായി അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കും.

ദ്വീപുകളിലെ പൊക്കാളി അരി, ചെമ്മീൻ, മത്സ്യം, താറാവ് തുടങ്ങി തനത് വിഭവങ്ങളും മൂല്യവർധിത ഉത്‌പന്നങ്ങളും വിറ്റഴിക്കാനുള്ള വേദിയായും മ്യൂസിയം പദ്ധതി മാറും. പൊക്കാളിപ്പാടങ്ങളും ചെമ്മീൻ-മത്സ്യക്കെട്ടുകളും സ്വാഭാവികതയോടെ മ്യൂസിയത്തിന്റെ ഭാഗമാക്കും. കടമക്കുടിയിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. വൻതോതിൽ തൊഴിലവസരങ്ങളും ഒരുങ്ങും.

വിദേശത്തു നിന്നുൾപ്പെടെ എത്തുന്ന ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനും സൂര്യോദയവും സൂര്യാസ്തമയവും കാണാനും പ്രത്യേക സജ്ജീകരണങ്ങൾ ഉണ്ടാകും.

വിനോദസഞ്ചാരികൾക്ക് മീൻ പിടിക്കാനും പച്ചമീൻ വാങ്ങാനും സൗകര്യം, വള്ളത്തിലൊരുക്കിയ ഫ്ളോട്ടിങ് റെസ്റ്റോറന്റ്, ജലയാത്ര നടത്താൻ ബോട്ട് പോയിന്റ്, ദ്വീപുകളിലെ കുട്ടികളുടെ കലാസൃഷ്ടികൾക്ക് ഉൾപ്പെടെ ഗാലറികൾ, ഹോംസ്റ്റേ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

Content highlights :island living museum getting ready in kadamakkudy at cost of one crore