ഇരുമുലച്ചിപ്പാറയിലെ ഒരു അസ്തമയം
പീരുമേട് : സൂര്യന് കൈയകലത്തില്‍ നില്‍ക്കുന്നപോലെ തോന്നിയിട്ടുണ്ടോ. ഇരുമുലച്ചിപ്പാറയില് എത്തിയാല്‍ അങ്ങനെ തോന്നും.
കുട്ടിക്കാനത്തുനിന്ന് ഉറുമ്പിക്കരയിലേക്കുള്ള വഴിയിലാണ് ഇരുമുലച്ചിപ്പാറയുള്ളത്. ട്രെക്കിങ്ങിനും ഓഫ് റോഡ് യാത്രയ്ക്കും അനുയോജ്യമായ പ്രദേശം. മദാമ്മക്കുളത്തുനിന്ന് രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളിലുള്ള ഇരുമുലച്ചിപ്പാറയിലെത്താം. പരന്ന പാറക്കൂട്ടം നിറഞ്ഞ പ്രദേശത്ത് ഏകദേശം ഒരേ വലിപ്പമുള്ള രണ്ടുപാറകള് മലമുകളില്‍ ചേര്‍ന്നിരിക്കുന്നതാണ് കാഴ്ച.
പ്രദേശത്തെ ഉയരംകൂടിയ മലകളിലൊന്നാണ് ഇത്. അഗാധമായ കൊക്കയും വിദൂരകാഴ്ചകളും കോടമഞ്ഞും തണുത്ത കാറ്റും പ്രത്യേകതകളാണ്. മലമുകളില്‍ ഒരമ്പലമുണ്ട് ഇരുമുലച്ചിയമ്മന്‍ കോവില്‍. അമ്പലത്തിനോടുചേര്ന്ന് രണ്ടു കെട്ടിടങ്ങളുമുണ്ടെങ്കിലും മാസത്തിലൊരിക്കല്‍ മാത്രം പൂജകള്‍ നടക്കുന്ന ഇവിടം വിജനമാണ്. ഉയരംകൂടിയ പ്രദേശത്തുനിന്നുള്ള സൂര്യാസ്തമയ കാഴ്ചയാണ് ഏറ്റവും മനോഹരം.
ഇരുമുലച്ചി ടോപ്പിലെ വിശാലമായ പരന്ന പാറയില്‍ ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികള്‍ ടെന്റ് കെട്ടി തങ്ങാറുണ്ട്. മലമുകളില്‍ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്ത് കഴിച്ചും അടുത്തുള്ള കാട്ടരുവിയില്‍ ദാഹം തീര്‍ത്തുമാണ് ഇവര്‍ മടങ്ങുന്നത്. വളവും തിരിവും കുത്തനെയുള്ള കയറ്റിറക്കങ്ങളും നിറഞ്ഞ ഉരുളന്‍ കല്ലുകളിലൂടെയുള്ള ത്രസിപ്പിക്കുന്ന യാത്ര സാഹസികമാണ്. ഒപ്പം ഭയപ്പെടുത്തുന്നതും.
ഫോര്‍ വീല്‍ ഡ്രൈവുള്ള ജീപ്പ് പോലെയുള്ള വാഹനങ്ങളേ ഇതിലെ കടന്നുപോകൂ. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ശീലമുള്ളവര്‍ക്കേ സുഗമമായി പോകാനാവൂ. ഇരുചക്ര വാഹനങ്ങളിലും സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും യാത്ര ശ്രമകരമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..