ന്യൂഡൽഹി: ഐ.ആർ.സി.ടി.സിയുടെ ശ്രീ രാമായണ യാത്രാ തീവണ്ടി സർവീസിന് ഞായറാഴ്ച തുടക്കമായി. ഡൽഹിയിലെ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധമുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന പ്രധാന സ്ഥലങ്ങളെല്ലാം കാണാനാവുമെന്നതാണ് രാമായണ യാത്രയുടെ പ്രത്യേകത.

17 ദിവസമാണ് ആകെ യാത്ര. അയോധ്യയാണ് ട്രെയിന്റെ ആദ്യ ലക്ഷ്യം. സഞ്ചാരികൾക്ക് ഇവിടെ രാമ ജന്മഭൂമി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നിവയും നന്ദി​ഗ്രാമിലെ ഭരത് മന്ദിറും സന്ദർശിക്കാം. ബിഹാറിലെ സീതാമർഹിയിലേക്കാണ് തീവണ്ടി പിന്നീട് പോവുക. ജനക്പുരിലെ രാം ജാനകി ക്ഷേത്രവും സീതയുടെ ജന്മസ്ഥലവും കാണാമെന്നതാണ് ഇവിടത്തെ സവിശേഷത.

ഇവിടെ നിന്ന് ട്രെയിൻ നേരെ പോവുന്നത് വാരാണസിയിലേക്കാണ്. വാരാണസി, പ്രയാ​ഗ്, ശ്രിം​ഗവർപുർ, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സഞ്ചാരികൾക്ക് കണ്ടാസ്വദിക്കാം. ഇവിടങ്ങളിലേക്ക് റോഡ് മാർ​ഗമാണ് പോകേണ്ടത് എന്നുമാത്രം. വാരാണസി, പ്രയാ​ഗ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് രാത്രിയിലെ താമസമൊരുക്കിയിരിക്കുന്നത്.

 

നാസിക്കിലാണ് ട്രെയിൻ അടുത്തതായി നിർത്തുക. ഇവിടെ ത്രയംബകേശ്വർ ക്ഷേത്രവും പഞ്ചവടിയും സന്ദർശിക്കാം. പുരാതന കിഷ്കിന്ദ സ്ഥിതിചെയ്യുന്ന ഹംപിയിലേക്കാണ് ഇനിയുള്ള യാത്ര. രാമേശ്വരത്താണ് യാത്ര അവസാനിക്കുക. പതിനേഴാം ദിവസം തീവണ്ടി ഡൽഹിയിലേക്ക് തിരിക്കും. 7500 കിലോമീറ്ററാണ് ഈ യാത്രയിൽ ആകെ പിന്നിടാനുള്ളത്. എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളും ഉദ്യോ​ഗസ്ഥരുമുണ്ടാകും. ഇരുന്ന് കഴിക്കാൻ സൗകര്യമുള്ള രണ്ട് ഭക്ഷണശാലകളും അടുക്കളയും കുളിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്.

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന ദേഖോ അപ്നാ ദേശ് എന്ന പദ്ധതിയുടെ ഭാ​ഗമായാണ് ശ്രീ രാമായണ യാത്ര ആരംഭിച്ചിരിക്കുന്നത്. സെക്കൻഡ് എസിയിൽ 82,950 രൂപയും ഫസ്റ്റ് എസിയിൽ 1,02,095 രൂപയുമാണ് ഒരാൾക്ക് നിരക്ക്.

പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു. തിരക്ക് പരി​ഗണിച്ച് ഈ വർഷം ഡിസംബറിൽ നിരക്കിൽ യാതൊരു മാറ്റവുമില്ലാതെ രാമായണ യാത്ര നടത്തുമെന്നും അവർ പറഞ്ഞു.

Content Highlights: IRCTC Tour Package, Sri Ramayana Yatra, IRCTC Tourism package