കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിയതോടെ സര്‍ക്കാര്‍ സംസ്ഥാനമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ മിക്കവരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചു.

വര്‍ക്ക് ഫ്രം ഹോം ചിലര്‍ക്ക് വലിയ തലവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ജോലിഭാരം മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തവരായും കുറേയധികം പേരുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം രക്ഷ നേടാന്‍ ഇന്ത്യന്‍ റെയില്‍വേ പുതിയൊരു മാര്‍ഗം പരിചയപ്പെടുത്തുകയാണ്. വീട്ടിലിരുന്ന ജോലി ചെയ്ത് മടുത്തവര്‍ക്ക് ഇനി പ്രമുഖ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലിലോ റിസോര്‍ട്ടിലോ ഇരുന്ന് ജോലി ചെയ്യാം. 

ഐ.ആര്‍.സി.ടി.സിയാണ് ഈ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചുരാത്രി ഉള്‍പ്പെടുന്ന വര്‍ക്ക് ഫ്രം റിസോര്‍ട്ട് പാക്കേജിന് 10126 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ മൂന്നുനേരത്തെ ഭക്ഷണവും സൗജന്യ വൈഫൈ സൗകര്യവും ഉള്‍പ്പെടും. 

അണുവിമുക്തമാക്കിയ ഹോട്ടല്‍ റൂമുകളാണ് ഐ.ആര്‍.സി.ടി.സി ഒരുക്കിയിരിക്കുന്നത്. ഈ താമസത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഐ.ആര്‍.സി.ടി.സി ഒരുക്കുന്നുണ്ട്. 

മൂന്നാര്‍, തേക്കടി, കുമരകം, മാരാരി ബീച്ച്, കോവളം, വയനാട്, കൊച്ചി എന്നിവിടങ്ങളിലുളള ഹോട്ടലുകളിലാണ് താമസമൊരുക്കുക. ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും ഹോട്ടലില്‍ ചെലവഴിക്കുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. 

Content Highlights: IRCTC offers 'work from hotel' package in Kerala