നാഗര്‍കോവില്‍: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളില്ലാതെ ഇക്കൊല്ലത്തെ ലോക വിനോദസഞ്ചാരദിനം കടന്നുപോയി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കു തുടരുകയാണ്.

കന്യാകുമാരി, തൃപ്പരപ്പ് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ ഒരു മാസത്തോളമായി സഞ്ചാരികള്‍ എത്തുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല. ഇതുകാരണം കിലോമീറ്ററുകള്‍ കടന്നെത്തി നിരാശയോടെ തിരികെപ്പോകുന്നവരും കുറവല്ല.

ഞായറാഴ്ചയും നൂറുകണക്കിനു സഞ്ചാരികള്‍ കന്യാകുമാരി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍, കാഴ്ചകള്‍ കാണാന്‍ അനുവദിക്കാതെ തിരികെ പറഞ്ഞയക്കുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കടക്കാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സര്‍ക്കാര്‍ ഉത്തരവ് വരുന്നതുവരെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു സന്ദര്‍ശകര്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.

Content Highlights: International Tourism Day 2020, Kanyakumari, Thripparappu Waterfalls, Tamil Nadu Tourism