അഭയാരണ്യം | ഫോട്ടോ: മാതൃഭൂമി
പെരുമ്പാവൂര്‍: ലോക വിനോദസഞ്ചാര ദിനത്തില്‍ ആളും അനക്കവുമില്ലാതെ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. കഴിഞ്ഞ ഏഴ് മാസമായി പൂട്ടിക്കിടക്കുന്ന ഇവ എന്ന് തുറക്കാനാകും എന്ന് നിശ്ചയമില്ലാത്ത സ്ഥിതിയാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, നെടുമ്പാറച്ചിറ, പാണംകുഴി മഹാഗണിത്തോട്ടം, പാണിയേലി പോര് എന്നിവയാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്.
വനംവകുപ്പിന് കീഴില്‍ ഫോറസ്റ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ഈ കേന്ദ്രങ്ങളില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. വനംവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജോലിചെയ്തിരുന്നത്. ഇവരുടെ വരുമാനവും നിലച്ചു.

2018-ലെ പ്രളയം പെരിയാര്‍ തീരത്തെ വിനോദകേന്ദ്രങ്ങളുടെ നല്ലകാലം നഷ്ടമാക്കി. കൊറോണ വ്യാപനത്തോടെ തകര്‍ച്ചയ്ക്ക് ആക്കംകൂടി. ടൂറിസം സീസണായ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കൊറോണ വൈറസ് ഭീതിയിലാഴ്ന്ന് സഞ്ചാരികള്‍ എത്താതായി. ഏപ്രിലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ മേഖലയ്ക്ക് പൂട്ടുവീണു. ഈ പ്രദേശത്തുള്ള പാണംകുഴി ഹരിത ബയോ പാര്‍ക്ക് പോലെയുള്ള സ്വകാര്യ സംരംഭകരും പ്രതിസന്ധി നേരിടുകയാണ്.
ജീവജാലങ്ങളുടെ സംരക്ഷണം വലിയ ബാധ്യതയാണ് വരുത്തിവെയ്ക്കുന്നത്. മഴക്കാര്‍ നീങ്ങി മാനം തെളിയുമെന്ന പ്രതീക്ഷപോലെ ഈ കാലഘട്ടവും മാറി സഞ്ചാരികളുടെ വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. കേരള വനംവകുപ്പ് ആവിഷ്‌കരിച്ച് നിര്‍മിച്ചതാണ് മൃഗങ്ങളുടെ ഉദ്യാനമായ അഭയാരണ്യം. ആന, മാനുകള്‍, മ്ലാവ് എന്നിവയെ തുറന്നുവിട്ട് വളര്‍ത്തുകയാണിവിടെ. 300 ഏക്കര്‍ വരുന്ന ഇത് പെരിയാര്‍ നദിയുടെ തീരത്താണ്.
കോടനാട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ഇപ്പോള്‍ പണിയില്ല. ഇവര്‍ക്ക് സഹായധനം അനുവദിക്കണം. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച വനസംരക്ഷണ സമിതിയിലെ അംഗങ്ങളാണ് ഈ ജീവനക്കാര്‍. സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനവും അനുവദിക്കേണ്ടതാണ്.
- എം.പി. പ്രകാശ്,ബ്ലോക്ക് പഞ്ചായത്തംഗം
മൃഗങ്ങള്‍ക്ക് ഭക്ഷണംകൊടുക്കാന്‍ പോലും പണം ലഭിക്കാത്ത സ്ഥിതി
കോടനാടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൂവപ്പടി പഞ്ചായത്തിന്റെ അഭിമാന മേഖല. ഇവിടെനിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. ഇപ്പോള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണംകൊടുക്കാന്‍പോലും പണം ലഭിക്കാത്ത സ്ഥിതിയാണ്. അറ്റകുറ്റപ്പണികളും നടത്താനുണ്ട്. ടൂറിസം മുന്നില്‍ക്കണ്ട് പല അനുബന്ധ സ്ഥാപനങ്ങളും കോടനാട് തുടങ്ങിയതും നഷ്ടത്തിലായി.
- സരള കൃഷ്ണന്‍കുട്ടി, സാമൂഹിക പ്രവര്‍ത്തക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..