തൃശ്ശൂര്‍: കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ് വന്‍ വരുമാന നഷ്ടത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച ഓട്ടംനിര്‍ത്തും. പിന്നാലെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും. 15 ദിവസത്തിനുശേഷം പുനരാലോചിക്കും.

ലോക്ഡൗണിന്റെ തുടക്കത്തില്‍ ഭൂരിഭാഗം തീവണ്ടികളും നിര്‍ത്തിയപ്പോഴും ഈ വണ്ടികള്‍ ഓടിച്ചിരുന്നു. എന്നാല്‍, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോള്‍ യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി. 1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ വണ്ടിയില്‍ കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും 30നും 50നും ഇടയ്ക്ക് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ജനശതാബ്ദി ഒരുദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്ച മുഴുവന്‍ 30,000ല്‍ താഴെയായിരുന്നു ദിവസ വരുമാനം. 

നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിര്‍ത്താന്‍ തീരുമാനിച്ചത് .കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ലോക്ഡൗണിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍ത്തിയിരുന്നു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ്. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതോടെ രണ്ടാഴ്ചമുമ്പ് വീണ്ടും ഓടിക്കുകയായിരുന്നു. നഷ്ടക്കണക്ക് കൂടിയതോടെയാണ് ഓട്ടം അവസാനിപ്പിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് ഒരു സെക്ടറില്‍ ഒരു വണ്ടി എന്നതാണ് റെയില്‍വേയുടെ നയം. മംഗളൂരു റൂട്ടില്‍ പകല്‍ പരശുറാം, രാത്രി മാവേലി. ന്യൂഡല്‍ഹിക്ക് കേരളയും മംഗളയും മുംബൈയ്ക്ക് നേത്രാവതി, ചെന്നൈയ്ക്ക് മെയില്‍, ബംഗളൂരുവിലേക്ക് ഐലന്‍ഡ്, ഹൈദരാബാദിന് ശബരി എന്നിങ്ങനെയാണ് സെക്ടര്‍ തിരിച്ചുള്ള തീവണ്ടി.

Content Highlights: Intercity and Janshadabdi express cancelled due to covid 19