ബാലിയിലെ പുര ഉലൂൺ ദാനു ബരത്താൻ ക്ഷേത്രം | ഫോട്ടോ: ഡോ. ഷബീൻ അസീസ് മാതൃഭൂമി
കോവിഡ് വ്യാപനത്തിനിടെയും വിനോദസഞ്ചാരികളുമായി എത്തിയ വിമാനത്തെ സ്വീകരിച്ച് ഇന്തോനേഷ്യയിലെ ബാലി. രണ്ടു വർഷത്തിനിടെ ഇതാദ്യമായാണ് അന്താരാഷ്ട്ര സഞ്ചാരികളുമായി നേരിട്ട് ഒരു വിമാനം ദ്വീപിലെത്തുന്നത്. കർശനമായ ക്വാറന്റീൻ ഉപാധികളാണ് ദ്വീപിൽ നിഷ്കർഷിച്ചിട്ടുള്ളത്.
ആറ് വിദേശികളും ആറ് സ്വദേശികളുമാണ് ടോക്യോയിൽനിന്നു വന്ന വിമാനത്തിലുണ്ടായിരുന്നത്. ചൈന, ന്യൂസിലാൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കായി ഒക്ടോബർ പകുതിയോടെ ദ്വീപ് ഔദ്യോഗികമായി തുറന്നിരുന്നു. എന്നാൽ അതിനുശേഷം നേരിട്ട് കാർഗോ ഇതര വിമാനങ്ങളൊന്നും ദ്വീപിലെത്തിയിരുന്നില്ല.

ടോക്കിയോയിൽ നിന്നെത്തിയ വിദേശ സഞ്ചാരികൾ ബിസിനസ് വിസ ഉപയോഗിച്ചാണ് യാത്ര ചെയ്തത്. വരാൻ അപേക്ഷിച്ച വേളയിൽ ടൂറിസ്റ്റുകൾക്കുള്ള പുതിയ നിയമങ്ങൾ തയ്യാറാകാതിരുന്നതിനാലാണിതെന്ന് ബാലി ഗവൺമെന്റ് ടൂറിസം ഓഫീസ് ഉദ്യോഗസ്ഥയായ ഐഡ ആയു ഇന്ദാ യുസ്തികരിണി പറഞ്ഞു.
അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നതിലൂടെ ബാലിയുടെ സമ്പദ്വ്യവസ്ഥയുടെ 54% വരുന്ന വിനോദസഞ്ചാര മേഖല കൂടുതൽ ഉത്തേജിപ്പിക്കപ്പെടുമെന്നാണ് ഇന്തോനേഷ്യ കരുതുന്നത്.
സർഫിംഗ്, ക്ഷേത്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, നൈറ്റ് ലൈഫ് എന്നിവയെല്ലാമായി 2019-ൽ 6.2 ദശലക്ഷം വിദേശ സന്ദർശകരാണ് ബാലിയിലെത്തിയത്. കഴിഞ്ഞ വർഷം 1.6 ദശലക്ഷം വിദേശ സന്ദർശകരാണ് ഇവിടെയത്തിയത്. 2020 നെ അപേക്ഷിച്ച് 61.57% കുറവാണ് ഇത്.

തെക്കുകിഴക്കൻ ഏഷ്യൻ അയൽക്കാരായ തായ്ലൻഡിനേക്കാൾ കർശനമായ ക്വാറന്റീൻ നിയമങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. ബാലിയിലേക്കെത്തുന്ന വാക്സിനേഷൻ എടുത്ത വിനോദസഞ്ചാരികൾ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഹോട്ടലുകളിലോ കടലിലെ കപ്പലുകളിലോ ആണ് ക്വാറന്റീൻ ചെയ്യേണ്ടത്.
വാക്സിനേഷൻ എടുത്ത സന്ദർശകർക്ക് ചൊവ്വാഴ്ച മുതൽ തായ്ലൻഡ് ക്വാറന്റീൻ രഹിത പ്രവേശനം പുനരാരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് ഫെബ്രുവരി 10 മുതൽ ഇത് നടപ്പാക്കും
ഇന്തോനേഷ്യയിൽ കൊവിഡ്-19 കേസുകളിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തുന്നതിനാലാണ് ബാലി സാവധാനത്തിൽ മാത്രം വീണ്ടും തുറക്കുന്നത്. ബുധനാഴ്ച രാജ്യത്ത് 18,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
Content Highlights: Bali, Bali International Airport, quarantine rules in Bali, First international flight to bali since two years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..