ന്യൂഡല്‍ഹി: ടൂറിസത്തിന് കുതിപ്പേകാന്‍ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളാണ് ആരംഭിക്കുക. പുതിയ പത്തു സര്‍വീസുകള്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. ഈ ട്രെയിനുകള്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 40 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തും.

അതിവേഗ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. രാജധാനി, ശദാബ്ദി എക്‌സ്പ്രസ്സുകളേക്കാള്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് വന്ദേഭാരത് പദ്ധതിയിലുണ്ടാകുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ട്രെയിനിലുണ്ടാകും. 2022 ഓഗസ്റ്റിലായിരിക്കും ട്രെയിനുകള്‍ ഓടിത്തുടങ്ങുക. വൈകാതെ 100 വന്ദേഭാരത് ട്രെയിനുകള്‍ 2024 ആകുമ്പോഴേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഐ.ആര്‍.സി.ടി.സി വ്യക്തമാക്കി.

മേധ സര്‍വോ ഡ്രൈവ്‌സ് ലിമിറ്റഡാണ് വന്ദേഭാരത് ട്രെയിനുകള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഇന്ത്യയിലൂടെ സര്‍വീസ് നടത്തുന്നത്. ഇതില്‍ ആദ്യത്തേത് 2019 ഫെബ്രുവരി 15 നും രണ്ടാമത്തെത് ഫെബ്രുവരി 17 നുമാണ് സര്‍വീസ് ആരംഭിച്ചത്. ആദ്യ ട്രെയിന്‍ ഡല്‍ഹി-വാരാണസി റൂട്ടിലും രണ്ടാം സര്‍വീസ് ഡല്‍ഹി-കത്ര റൂട്ടിലുമാണ് ഓടുന്നത്.

Content Highlights: Indian Railways to launch 10 Vande Bharat trains connecting 40 cities