വാരണാസി | Photo: AP
ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള 'ഭാരത് ഗൗരവ്' പദ്ധതിയില്‍പ്പെട്ട ഏറ്റവും പുതിയ ട്രെയിനായ 'രാമായണ യാത്ര' ഏപ്രില്‍ ഏഴിന് യാത്രയാരംഭിക്കും. രാമായണവുമായി ബന്ധപ്പെട്ട പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ അയോധ്യ, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലൂടെയാവും ഈ ട്രെയിന്‍ സഞ്ചരിക്കുക.
രാമായണ യാത്രയിലെ സഞ്ചാരികള്‍ക്ക് അയോധ്യയിലെ രാമക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, സരയൂ എന്നിവ സന്ദര്‍ശിക്കാനാകും. നന്ദിഗ്രാം, ജനക്പുര്‍, ചിത്രകൂട്, ഹംപി, നാസിക്, രാമേശ്വരം, ബദ്രാചലം, നാഗ്പുര്‍ തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട തീര്‍ഥാടന നഗരങ്ങളിലെല്ലാം രാമായണ യാത്രാ ട്രെയിന്‍ എത്തും.
ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്. പതിനെട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് രാമായണ യാത്ര പാക്കേജ്.
എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ട്രെയിനായിരിക്കും രാമായണ യാത്രക്കായി തയ്യാറാക്കുക. 156 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ട്രെയിനില്‍ എ.സി 1, എ.സി 2 കോച്ചുകളായിരിക്കും ഉണ്ടാവുക. രണ്ട് റെസ്‌റ്റോറന്റുകള്‍, കോച്ചുകളില്‍ ഷവര്‍ ക്യുബിക്കിള്‍സ്, മസാജ് പാര്‍ലര്‍, സുരക്ഷയ്ക്കായി സി.സി.ടി.വി എന്നിവയെല്ലാം ട്രെയിനില്‍ ഉണ്ടായിരിക്കും. ഡെല്‍ഹി, അലിഗഢ്, ഗാസിയാബാദ്, തുണ്ട്‌ല, കാണ്‍പൂര്‍, ലക്‌നൗ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് 'രാമായണയാത്ര' യാത്രക്കാരെ സ്വീകരിക്കും.
Content Highlights: Indian Railways’ Bharat Gaurav train to start 18-day Ramayana Yatra from April 7
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..