പാലക്കാട്: തുടര്‍ച്ചയായ അടച്ചിടലിനെത്തുടര്‍ന്ന് യാത്രക്കാരില്ലാതായതോടെ ദീര്‍ഘദൂര തീവണ്ടികളും റെയില്‍വേ താത്കാലികമായി റദ്ദാക്കിത്തുടങ്ങി. ശനിയാഴ്ചകളില്‍ കൊച്ചുവേളിയില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള തീവണ്ടിയുടെ മേയ് മാസത്തെ ശേഷിക്കുന്ന ട്രിപ്പുകളും തിരികെയുള്ള യാത്രകളുമാണ് ഏറ്റവും അവസാനം റദ്ദാക്കിയത്. സേലംവഴിയുള്ള മംഗളൂരു സെന്‍ട്രല്‍പുതുച്ചേരി പ്രതിവാര എക്‌സ്പ്രസ്, നാഗര്‍കോവില്‍ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം കോവിഡിന്റെ ആദ്യതരംഗം ശക്തമായസമയത്ത് യാത്രാതീവണ്ടയോട്ടം നിര്‍ത്തിവെച്ചിരുന്നു. പാഴ്‌സല്‍ചരക്ക് തീവണ്ടികള്‍മാത്രമാണ് അക്കാലത്ത് ഓടിച്ചിരുന്നത്. പിന്നിട് പ്രത്യേകവണ്ടികളെന്നനിലയില്‍ ദീര്‍ഘദൂര വണ്ടികള്‍ ഓടിച്ചുതുടങ്ങിയെങ്കിലും ഒന്നും സ്ഥിരംവണ്ടികളെന്നനിലയ്ക്കല്ല പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗം ശക്തമായി അടച്ചുപൂട്ടലിലേക്കെത്തിയതോടെയാണ് തിരുവനന്തപുരംമധുര അമൃത എക്‌സ്പ്രസും കൊച്ചുവേളിനിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസുമുള്‍പ്പെടെയുള്ളവ താത്കാലികമായി റദ്ദാക്കിയത്.

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ പാലക്കാട് ഡിവിഷന്‍വഴി 83 ജോടി വണ്ടികളാണ് പ്രത്യേക വണ്ടികളായി ഓടിയിരുന്നത്. ആദ്യഘട്ടങ്ങളില്‍ തിരക്കുണ്ടായിരുന്നെങ്കിലും മാര്‍ച്ച്, എപ്രില്‍ മാസങ്ങളായതോടെ യാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞു. സംസ്ഥാനത്തേക്ക് അതിഥിത്തൊഴിലാളികള്‍ കൂടുതലായി എത്തിയിരുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് മേയ് ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഈ സ്ഥലങ്ങളിലേക്കുള്ള വണ്ടികളിലും തിരക്ക് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

നിലവില്‍ 16 ജോടി പ്രതിദിനവണ്ടികളും ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന അഞ്ചുജോടിയും ആഴ്ചയില്‍ രണ്ടുതവണ ഓടുന്ന ഏഴു ജോടിയും 22 ജോടി പ്രതിവാരവണ്ടികളും മാത്രമാണ് നിലവില്‍ പാലക്കാട് ഡിവിഷനിലൂടെ കടന്നുപോവുന്നത്.

Content Highlights: Indian Railway, Covid 19, cancellation of trains