ന്യൂഡൽഹി: യാത്രാ, ചരക്കു തീവണ്ടികൾക്കു പുറമേ, റെയിൽവേയുടെ വിനോദസഞ്ചാര തീവണ്ടികൾ വരുന്നു. പൊതു, സ്വകാര്യ മേഖലയിൽ ‘ഭാരത് ഗൗരവ് ട്രെയിൻസ്’ എന്ന പേരിൽ ആരംഭിക്കുന്ന വണ്ടികൾ ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശങ്ങളിലേക്കാണ് സർവീസ് നടത്തുക.

ആർക്കും റെയിൽവേയിൽനിന്ന് വണ്ടി ഏറ്റെടുത്ത് കോച്ചുകൾ പരിഷ്കരിച്ച്‌ സർവീസ് നടത്താം. സ്വകാര്യ മേഖലയിലുള്ളവരും ഒഡിഷ, രാജസ്ഥാൻ, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളും ഇതിൽ വലിയ താത്പര്യം കാണിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏതാണ്ട് 150 വണ്ടികൾക്ക് ആവശ്യമായ 3,033 കോച്ചുകൾ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. 14 മുതൽ 20 വരെ കോച്ചുകൾ ഓരോ വണ്ടിയിലുമുണ്ടാവും. നടത്തിപ്പുകാർക്ക് സ്ഥലങ്ങളുടെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിക്ക് പേര് നൽകാം. ഉദാഹരണത്തിന് സിഖ് മതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കാണെങ്കിൽ ഗുരുകൃപ ട്രെയിൻ എന്നോ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള വണ്ടിക്ക് രാമായണ ട്രെയിൻ എന്നോ ആവാം. ഏറ്റെടുക്കുന്ന പ്രമേയത്തിനു ചേരുന്നവിധം കോച്ചുകൾ പരിഷ്കരിക്കാം. പാർക്കിങ്, വെള്ളം, വൈദ്യുതി തുടങ്ങിയ റെയിൽവേയുടെ സംവിധാനങ്ങൾ നൽകും. തീവണ്ടിയാത്ര, ഹോട്ടലിലെ താമസം, ഭക്ഷണം, ചരിത്ര/സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശങ്ങളിലേക്കുള്ള സന്ദർശനം, ടൂർ ഗൈഡുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജ് സേവനദാതാക്കൾക്ക് നിശ്ചയിക്കാം. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പാക്കേജുകളിൽ വ്യത്യാസം വരുത്താം. എങ്കിലും നിരക്ക് അമിതമാകാൻ പാടില്ല.

ടൂറിസം വണ്ടികൾ തുടങ്ങുന്നത് സ്വകാര്യവത്കരണമല്ലെന്ന് മന്ത്രി വിശദീകരിച്ചു. സ്വകാര്യ സംരംഭകർക്കു മാത്രമല്ല, റെയിൽവേയുടെ ഉപസ്ഥാപനമായ ഐ.ആർ.സി.ടി.സി.ക്കും സംസ്ഥാന സർക്കാരുകൾക്കും ഈ മേഖലയിലേക്ക് വരാം. വ്യക്തികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, കമ്പനികൾ, സൊസൈറ്റി, ട്രസ്റ്റ്, സംയുക്ത സംരംഭകർ എന്നിവർക്കെല്ലാം അപേക്ഷിക്കാം. കോച്ചുകൾക്കായുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഒരുലക്ഷം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഒരു വണ്ടിക്ക് ഒരു കോടി രൂപ മുൻകൂറായി കെട്ടിവെക്കണം. രണ്ടു മുതൽ 10 വരെ വർഷം ഉപയോഗാനുമതി നൽകും.

Content Highlights: Indian Railways to launch theme-based Bharat Gaurav trains