മുംബൈ: യാത്രപുറപ്പെടുമ്പോൾ ഇനി ബാഗുകളും പെട്ടികളും റെയിൽവേ സ്റ്റേഷനിലേക്ക് എടുക്കാൻ ബുദ്ധിമുട്ടേണ്ട. അതിന് റെയിൽവേതന്നെ തയ്യാറെടുക്കുന്നു. യാത്രക്കാരന്റെ ലഗ്ഗേജുകൾ വീട്ടിൽനിന്ന്‌ റെയിൽവേ സ്റ്റേഷനിലുള്ള തീവണ്ടിയിൽ എത്തിക്കാനും വണ്ടിയിൽ നിന്ന്‌ വീട്ടിലെത്തിക്കനുമാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്.

‘ബാഗ്‌സ് ഓൺ വീൽസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സേവനം റെയിൽവേ യാത്രക്കാർക്കായി ഏർപ്പെടുത്തുന്നത്. നേരത്തെ ഐ.ആർ.സി.ടി.സി. തങ്ങളുടെ തേജസ് എക്സപ്രസ്സുകളിൽ യാത്രക്കാർക്ക് ഈ സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. തുടക്കത്തിൽ ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷനിൽ മാത്രമായിരിക്കും ബാഗ്‌സ് ഓൺ വീൽസ് പദ്ധതി നടപ്പാക്കുക. തുടർന്ന് മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കും.

ആൻഡ്രോയിഡ്, ഐ ഫോണുകളിൽ ലഭിക്കുന്ന ആപ്ലിക്കേഷൻ നിലവിൽ ഡൽഹി, ഘാസിയാബാദ്, ഗുരുഗ്രാം എന്നീ സ്റ്റേഷനുകളിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് ഉപയോഗപ്പെടുത്താം. ഈ ജോലി റെയിൽവേ കരാർ കമ്പനികളെയായിരിക്കും ഏൽപ്പിക്കുക. യാത്രക്കാർക്ക് ലഗ്ഗേജുകൾ ആപ്പുവഴി നേരത്തെ ബുക്ക് ചെയ്യാം. ലഗ്ഗേജുകളുടെ വലിപ്പവും ഭാരവും യാത്രക്കാരന്റെ വീട്ടിൽനിന്ന്‌ റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരവും കണക്കാക്കിയായിരിക്കും നിരക്ക്. ഇതിലൂടെ തങ്ങളുടെവരുമാനം വർധിപ്പിക്കാനാവും എന്നും റെയിൽവേ പ്രതീക്ഷിക്കുന്നു.

Content Highlights: Indian Railway, Bags on Wheels, Travel News