മുംബൈ: രാജ്യത്ത് വ്യോമയാനമേഖലയിലെ കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും പ്രതീക്ഷ നല്‍കി വിമാനയാത്രക്കാരുടെ എണ്ണം ഉയര്‍ന്നുതുടങ്ങി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവന്നതോടെ മേയ് മാസത്തെ അപേക്ഷിച്ച് ജൂണ്‍ ആദ്യവാരം വിമാനയാത്രക്കാരുടെ ശരാശരി എണ്ണം രണ്ടിരട്ടിവരെ വര്‍ധിച്ചിട്ടുണ്ട്.

മേയ് അവസാനം ശരാശരി 39,000 മുതല്‍ 42,000 വരെ യാത്രക്കാരുണ്ടായിരുന്നത് ജൂണ്‍ ആദ്യവാരം 82,000 ആയെന്ന് വിമാനക്കമ്പനികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മുംബൈ അടക്കം പല സംസ്ഥാനങ്ങളിലും ഈയാഴ്ച ഇളവുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ജൂണ്‍ രണ്ടാം വാരം അവസാനിക്കുമ്പോഴേക്കും പ്രതിദിന യാത്രക്കാര്‍ 1.5 ലക്ഷത്തിലേക്കെത്തുമെന്ന് വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിദിന ശരാശി മേയ് അവസാനത്തിലെ 18,000ല്‍ നിന്ന് 30,000 ആയി ഉയര്‍ന്നിട്ടുണ്ട്. 66 ശതമാനമാണ് വര്‍ധന. കോവിഡിന്റെ ആദ്യഘട്ടത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിനുശേഷം യാത്രക്കാരുടെ എണ്ണം വേഗത്തില്‍ ഉയരുന്നതായി വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, രണ്ടോ മൂന്നോ മാസത്തിനകം കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് ഭീഷണിയായി നില്‍ക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ കരുതലോടെയാവണം മുന്നോട്ടുപോകേണ്ടതെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോഴും 20 മുതല്‍ 25 ശതമാനം വരെ ശേഷിയിലാണ് ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. 50 ശതമാനമാണ് നിലവിലെ അനുവദനീയപരിധി. ഈ മാസം അവസാനത്തോടെ ഈ പരിധിയിലേക്കെത്തുമെന്നാണ് വിമാനക്കമ്പനികളുടെ പ്രതീക്ഷ.

കോവിഡ് വ്യാപനത്തിനുമുമ്പ് രാജ്യത്ത് പ്രതിദിനം 4.12 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. സമ്പൂര്‍ണ ലോക്ഡൗണിനുശേഷം 2020 മേയില്‍ ഇത് ശരാശരി 42,000 എണ്ണമായി ചുരുങ്ങി. എന്നാല്‍, ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചശേഷം ഒക്ടോബറോടെ ഇത് 1.78 ലക്ഷത്തിലെത്തി. 2021 മാര്‍ച്ചില്‍ 3.13 ലക്ഷം വരെ ഉയര്‍ന്നപ്പോഴാണ് കോവിഡ് രണ്ടാം തരംഗമെത്തിയത്.

Content Highlights: Increase of flight passengers in India, after covid 19 effect, flight journey, travel news