തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലയിൽ റിവോൾവിങ് ഫണ്ട് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

ടൂറിസ്റ്റ് ടാക്സി-ബസ് ഡ്രൈവർമാർ, ശിക്കാരി ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ, റെസ്റ്റോറന്റ് ജീവനക്കാർ, ആയുർവേദ സെന്ററുകൾ, ഗൃഹസ്ഥലി, ഹോംസ്റ്റേ, അമ്യൂസ്മെന്റ് പാർക്ക്, ഗ്രീൻ പാർക്ക്, സാഹസിക ടൂറിസം സംരഭങ്ങളിൽ ജോലി ചെയ്യുന്നവർ, ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടവർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവർക്ക് പ്രയോജനം ലഭിക്കും.

വിനോദസഞ്ചാര വകുപ്പ് അംഗീകാരം നൽകിയ ഇവരുടെ അക്രഡിറ്റേഷൻ ഉപാധികളില്ലാതെ ഡിസംബർ 31 വരെ പുതുക്കും. ഇ. ചന്ദ്രശേഖരൻ, വി.ആർ. സുനിൽ കുമാർ, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ എന്നിവരുടെ ചോദ്യത്തിന് മറുപടിനൽകുകയായിരുന്നു മന്ത്രി.

വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ ആപ്പ്

പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കും. ആദിവാസി സമൂഹത്തെ ടൂറിസം അംബാസിഡർമാരാക്കാനുള്ള നയവും പദ്ധതികളും സ്വീകരിക്കും. കോവിഡ് മൂലം ടൂറിസം മേഖലയിൽ 33,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. 7000 കോടി രൂപയുടെ വിദേശനാണ്യ നഷ്ടമുണ്ടായെന്നും മോൻസ് ജോസഫ്, ഒ.ആർ. കേളു, പി. അബ്ദുൾഹമീദ്, കെ.പി. മോഹനൻ, ടി.ഐ. മധുസൂദനൻ, കെ.കെ. രമ, കെ.ബി ഗണേഷ്കുമാർ എന്നിവരെ മന്ത്രി അറിയിച്ചു. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 2000 പേർക്ക് വാക്സിൻ നൽകി. ടൂറിസംകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്നത് പരിഗണനയിലാണ്. എ. രാജ, എം. നൗഷാദ്, എ. പ്രഭാകരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

Content highlights :implement revolving fund scheme in tourism sector minister muhammed riyas says