ഈരാറ്റുപേട്ട: ഇല്ലിക്കല്‍ക്കല്ല് ടൂറിസം മാപ്പില്‍ ഇടം പിടിച്ചിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും അസൗകര്യങ്ങള്‍ മാറിയില്ല. മലനിരകള്‍ നശിക്കാതിരിക്കുന്നതിനുള്ള മാര്‍ഗവും അധികൃതര്‍ സ്വീകരിക്കുന്നില്ല.

ഇല്ലിക്കല്‍ക്കല്ലിന്റെ സമീപത്തുള്ള ഉമ്മിക്കുന്നില്‍ കയറിയാണ് ഇല്ലിക്കല്‍ക്കല്ലിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍ ഒരുക്കങ്ങള്‍ നടത്താത്തതിനാല്‍ ഉമ്മിക്കുന്നില്‍ ആളുകള്‍ കയറി കല്ലും മണ്ണും ഇളകിപ്പോയി. മഴ പെയ്യുന്തോറും കുന്നിന്‍ മുകളിലേക്കുള്ള വഴി ഇടിഞ്ഞ് യാത്ര ദുഷ്‌കരം ആകുന്നു.

പരുന്തുംപാറയിലും മറ്റും ചെയ്ത രീതിയില്‍ പടികളും കൈ വരികളും സ്ഥാപിച്ച് മണ്ണ് ഇളകിപ്പോകുന്നത് ഒഴിവാക്കണമെന്നാണ് പരിസ്ഥിതി സ്നേഹികളും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നത്. സഞ്ചാരികള്‍ കല്ലിന് മുകളിലേക്ക് കയറി അപകടങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാധിക്കും.

Illikkal Kallu 2
ഇല്ലിക്കൽക്കല്ലിന് സമീപത്തെ ഉമിക്കുന്നിലേക്കുള്ള വഴി ഇടിഞ്ഞനിലയിൽ

പ്ലാസ്റ്റിക് വിലക്കണം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സഞ്ചാരികള്‍ വലിച്ച് എറിയുന്നതും ഇല്ലിക്കല്‍ മലനിരകളുടെ നാശത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുവാനുള്ള മാര്‍ഗം നിലവിലുണ്ടെങ്കിലും എവിടെയും വലിച്ചെറിഞ്ഞനിലയിലാണ്. ടൂറിസം വകുപ്പാണ് പ്രവേശനം നിയന്ത്രിക്കുന്നത്. ഇല്ലിക്കല്‍ക്കല്ല് റവന്യൂ ഭൂമി ആയതിനാല്‍ ഡി.ടി.പി.സി.ക്ക് കൂടുതല്‍ പ്രവര്‍ത്തനം നടത്തുവാന്‍ തടസ്സമുണ്ട്.

Content Highlights: Illikkal Kallu, Kottayam Tourists Destinations, Kerala Tourism, Travel News