പുനർനിർമിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ആകാശദൃശ്യം
ഈരാറ്റുപേട്ട : വിനോദസഞ്ചാര വികസനത്തിന് ആക്കംകൂട്ടുന്ന ഈരാറ്റുപേട്ട -വാഗമൺ റോഡിന്റെ പുനർനിർമാണം പൂർത്തിയായി. വാഗമണ്ണിലേക്ക് പാലാ, ഈരാറ്റുപേട്ട മേഖലകളിൽനിന്നുള്ള യാത്ര സുഗമമാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റീ ടെൻഡറിൽ റോഡുപണി കരാറെടുത്ത് നാലുമാസംകൊണ്ട് പൂർത്തിയാക്കിയത്.
പത്തു വർഷത്തിലേറെയായി തകർന്നുകിടന്ന റോഡിന്റെ പുനരുദ്ധാരണത്തിന് 2021 ഒക്ടോബറിൽ 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറിൽ സാങ്കേതികാനുമതിയും നൽകി. കിഫ്ബിയിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ ബി.എം.ബി.സി. നിലവാരത്തിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി.
16.87 കോടി രൂപയ്ക്ക് 2022 ഫെബ്രുവരിയിൽ കരാർ വെച്ചു. ആറുമാസംകൊണ്ട് റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധന. നിർമാണപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി.
പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് രണ്ടാമത് ടെൻഡർ എടുത്ത് 24 കിലോമീറ്റർ റോഡ് നിർമാണം നാലുമാസംകൊണ്ട് പൂർത്തീകരിച്ചു.
ബുധനാഴ്ച നാലിന് ഈരാറ്റുപേട്ടയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും.
സന്തോഷനിമിഷം-.മന്ത്രി മുഹമ്മദ് റിയാസ്
പൊതുമരാമത്തുവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം എം.എൽ.എ.യുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നും വലിയതോതിൽ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ശോചനീയാവസ്ഥ. നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഇപ്പോൾ റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായിരിക്കുകയാണ്. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു
Content Highlights: idukki vagamon-road
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..