നെടുങ്കണ്ടം: ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഓഫ്റോഡ് ജീപ്പ് സഫാരി പുനരാരംഭിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിസന്ധിയിലായിരുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി.

കഴിഞ്ഞദിവസമാണ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമെങ്കിലും വിനോദസഞ്ചാരികള്‍ക്കും മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്കും വലിയ ആശ്വാസവുമാണ് പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ ഓഫ് റോഡ് ജീപ്പ് സഫാരികളും ആരംഭിച്ചിരിക്കുന്നത്.

ലോണെടുത്ത് വാഹനങ്ങള്‍ വാങ്ങി വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതിരുന്ന ജീപ്പ് ഡ്രൈവര്‍മാരുടെയും പ്രതീക്ഷകള്‍ക്കാണ് ഓണക്കാലത്ത് ചിറകുമുളയ്ക്കുന്നത്. ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിനുള്ള രാമക്കല്‍മെട്ട്, ആമപ്പാറ, സൂര്യനെല്ലി ടൈഗര്‍ റോക്ക്, ചിന്നക്കനാല്‍ കൊളുക്കുമല എന്നിവിടങ്ങളിലേക്കുള്ള ജീപ്പ്സവാരികള്‍ വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചത്. ഡി.ടി.പി.സി. കേന്ദ്രങ്ങള്‍ക്ക് പുറമേ ശ്രീനാരായണപുരം, കുമളി, ഗവി, വാഗമണ്‍, പീരുമേട് മാദാമ്മക്കുളം തുടങ്ങിയ ഇടങ്ങളിലേക്കുള്ള സഫാരികളും ആരംഭിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണെങ്കിലും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍.

15 മുതല്‍ 30 വരെ ട്രിപ്പുകളാണ് രാമക്കല്‍മേട് ആമപ്പാറ ജീപ്പ് സഫാരിക്ക് ദിനംപ്രതി ലഭിച്ചിരുന്നത്. ഇപ്പോള്‍ രണ്ടുമുതല്‍ അഞ്ചുവരെ ആയിട്ടുണ്ട്. ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ഒപ്പം അനുകൂലകാലാവസ്ഥയും ലഭിച്ചാല്‍ കോവിഡ്കാലം സമ്മാനിച്ച പ്രതിസന്ധിയെ മറികടക്കാന്‍ ആകും എന്ന് പ്രതീക്ഷയിലാണ് ഡ്രൈവര്‍മാര്‍.

Content highlights : idukki tourist destinations offroad jeep services started again