കുമളി: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷങ്ങൾക്കായി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക്. പ്രധാന ടൂറിസം മേഖലകളായ മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടയിൽ ആയിരക്കണക്കിന് ആളുകളാണ് അവധി ആഘോഷങ്ങളുടെ ഭാഗമായി എത്തിയത്. പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് പല ടൂറിസം മേഖകളിലെയും ഹോട്ടൽ, റിസോർട്ട് ഹോംസ്‌റ്റേ തുടങ്ങിയവ ഇതിനോടകം പകുതിയിലധികവും ബുക്കിങ് പൂർത്തിയായിരിക്കുകയാണ്. കച്ചവട മേഖലയ്ക്കും വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നത്.

തേക്കടിയിൽ ബോട്ട്‌ ഫുൾ

തേക്കടിയിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടയിൽ മൂവായിരത്തിലധികം പേരാണ് സന്ദർശനം നടത്തിയിരിക്കുന്നത്. തേക്കടിയിലെ അഞ്ച് ബോട്ടിങ് സർവീസുകളും മിക്കദിവസങ്ങളിലും പൂർണമായ ബുക്കിങ്ങാണ് നടന്നത്. കൂടാതെ ഇക്കോ ടൂറിസം പരിപാടികൾക്കും ഇതരസംസ്ഥനങ്ങളിൽ നിന്നുള്ളവരുടെ വലിയ തള്ളിക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

ഒരാഴ്ചക്കാലത്തോളം ഇതേതിരക്ക് തുടരുമെന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. പുതുവത്സരത്തിന് ആഘോഷത്തിന് മികച്ച രീതിയിലുള്ള പാക്കേജുകൾ ഹോട്ടൽ, റിസോർട്ട് മേഖലകൾ ഓഫർ ചെയ്തിരിക്കുന്നതിനാൽ പലയിടത്തും ബുക്കിങ്ങുകൾ പൂർത്തിയാകാറായി.

Thekkady tourists
തേക്കടിയിലെ വിനോദസഞ്ചാരികളുടെ തിരക്ക്

മൂന്നാറിൽ തണുപ്പും തിരക്കും

കഴിഞ്ഞ മൂന്നുദിവസമായാണ് മൂന്നാറിൽ തിരക്ക് വർധിച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, റോസ്ഗാർഡൻ, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, കുണ്ടള എന്നിവടങ്ങളിലാണ് ഏറ്റവുമധികം തിരക്ക് ഉണ്ടായത്.

മൂന്നാറിൽ താപനില ഒന്നിലെത്തിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവരാണ് തണുപ്പ് ആസ്വദിക്കുന്നതിനായി എത്തുന്നത്. ഈ തിരക്ക് ജനുവരി ആദ്യവാരം വരെ നീളാനാണ് സാധ്യത. മൂന്നാറിലും പരിസരങ്ങളിലുമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും ജനുവരി അഞ്ചുവരെ ഭൂരിഭാഗം മുറികളും ഇതിനോടകം സഞ്ചാരികൾ മുൻകൂറായി ബുക്ക് ചെയ്തുകഴിഞ്ഞു.

സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ടൗണിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ മൂന്നുദിവസമായി അനുഭവപ്പെടുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി പലഭാഗങ്ങളിലും പോലീസുകാരില്ലാത്തതിനാൽ യാത്രക്കാർ പാതയോരങ്ങളിലും മറ്റും തോന്നിയ പടിയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.

Munnar
സഞ്ചാരികളുടെ തിരക്കിനെത്തുടർന്ന് മൂന്നാർ ആർ.ഒ. കവലയിലുണ്ടായ ഗതാഗതക്കുരുക്ക്

 

മന്ത്രിയും കുടുംബവും മൂന്നാറിൽ

മന്ത്രി വീണാ ജോർജും കുടുംബവും മൂന്നാറിൽ സന്ദർശനം നടത്തി. ശനിയാഴ്ച രാവിലെയാണ്‌ ഭർത്താവും മക്കളുമൊത്ത് മന്ത്രി മൂന്നാറിലെ തണുപ്പാ സ്വദിക്കാനെത്തിയത്. ടീ കൗണ്ടി റിസോർട്ടിലായിരുന്നു താമസം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മാട്ടുപ്പട്ടിയിലും ഞായറാഴ്ച രാജമലയിലും മന്ത്രിയും കുടുംബാംഗങ്ങളും സന്ദർശനം നടത്തിയശേഷം ഞായറാഴ്ച ഉച്ചയോടെ മടങ്ങി.

ഇടുക്കി ഡാമിൽ നീണ്ട നിര

ക്രിസ്‌മസ് ദിനത്തിൽ 3200 പേരും ഞായറാഴ്ച 4068 പേരും ഇടുക്കി അണക്കെട്ട് സന്ദർശിച്ചു. വെള്ളാപ്പാറയിൽനിന്നുള്ള വനം വകുപ്പിന്റെ ബോട്ടിങ്ങും ഫുള്ളായിരുന്നു. 20 പേർക്ക് ഒരേസമയം കയറാവുന്ന ഒരുബോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. നിറഞ്ഞുകവിഞ്ഞ ഇടുക്കി ജലസംഭരണിയുടെ വശ്യസൗന്ദര്യവും, ഹിൽവ്യൂ പാർക്കും സന്ദർശിക്കുവാൻ മണിക്കൂറുകളോളം ക്യൂ നിന്നാണ് സന്ദർശകർ പാസ് വാങ്ങിയത്. ഇടുക്കിയിൽ സന്ദർശനാനുമതി ഇല്ലാതിരുന്നപ്പോഴും ധാരാളം സന്ദർശകരെത്തിയെങ്കിലും കാണാൻ പറ്റാതെ മടങ്ങുകയായിരുന്നു. ഏറെയും സംസ്ഥാനത്തെ വിവിധജില്ലകളിൽ നിന്നുള്ളവരാണ് ഇടുക്കി അണക്കെട്ട് കാണാനെത്തിയത്. ഫെബ്രുവരി 28 വരെ അണക്കെട്ട് സന്ദർശകർക്കായി തുറന്നുകൊടുക്കും.

Idukki dam
ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ കാത്തുനില്ക്കുന്നവർ

രാജമലയിൽ പ്രതിഷേധം

ക്രിസ്മസ് പുതുവത്സരമാഘോഷിക്കാൻ ആളുകൾ രാജമലയിലേക്ക് ഇരമ്പിയെത്തിയതോടെ മൂന്നാർ - മറയൂർ സംസ്ഥാന പാതയിൽ രാജമലയിൽ ഗതാഗതം നിശ്ചലമായി. 3000 പേർക്കാണ് ഒരുദിവസം രാജമലയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ, ശനിയാഴ്ച 3000 സഞ്ചാരികളായപ്പോൾ ടിക്കറ്റ് വിതരണം നിർത്തിയെങ്കിലും സഞ്ചാരികൾ പ്രതിഷേധവുമായി എത്തിയതുമൂലം 3800 പേർക്ക് വരെ പ്രവേശനം അനുവദിച്ചു.

Rajamala
രാജമലയിൽ ഉണ്ടായ ഗതാഗതക്കുരുക്ക് നയമക്കാടുവരെ നീണ്ടപ്പോൾ

ഞായറാഴ്ച ഉച്ചവരെ 3000 പേർക്ക് ടിക്കറ്റുകൾ നല്കി. പാർക്കിങ് നിറഞ്ഞതുമൂലം സന്ദർശകർ പാതയോരങ്ങളിൽ പലയിടത്തായി വാഹനങ്ങൾ പാർക്ക് ചെയ്തത് ഗതാഗത പ്രശ്നത്തിനിടയാക്കി. ഞായറാഴ്ച ഉച്ചവരെ 2000 പേർ രാജമലയിലും 1000 പേർ മാട്ടുപ്പട്ടിയിലുമെത്തി.

Content Highlights: idukki tourism, christmas new year celebrations, munnar travel, idukki climate, kerala tourism