ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിന് ശേഷം ചെറുതോണി പുഴയിൽ രൂപംകൊണ്ട കയത്തിൽചാടി കുളിക്കുന്നവർ | ഫോട്ടോ: മാതൃഭൂമി
ചെറുതോണി: ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ജലാശങ്ങളിൽ യുവാക്കൾ ഇറങ്ങുന്നതും കുളിക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം മലങ്കര ജലാശത്തിൽ സിനിമാനടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചതാണ് അപകടങ്ങളിൽ അവസാനത്തേത്. എന്നിട്ടും, ജലാശയങ്ങളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കാൻ അധികാരികൾ മടിക്കുന്നു.
ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിന് ശേഷം ചെറുതോണി പുഴയിലും പെരിയാറ്റിലും പാറക്കൂട്ടങ്ങൾക്കിടയിൽ വൻ കയങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലാണ് യുവാക്കൾ കുളിക്കാൻ ഇറങ്ങുന്നത്.
തെളിഞ്ഞതും തണുപ്പുള്ളതുമായ വെള്ളം കണ്ടാണ് യുവാക്കൾ ഇവിടങ്ങളിൽ കുളിക്കാനിറങ്ങുന്നത്. ഇത്തരം കയങ്ങളുടെ ആഴവും അള്ളും മനസ്സിലാക്കാതെ ഇറങ്ങുന്നവർ അപകടം ക്ഷണിച്ചുവരുത്തുകയാണ്.
ആറ് മാസം മുമ്പ് ചെറുതോണി പുഴയിലെ കയത്തിൽ കുളിക്കാൻ ഇറങ്ങിയ നാരക്കാനം സ്വദേശി മുങ്ങിമരിച്ചിരുന്നു. എന്നാൽ, ഇതേസ്ഥലത്ത് വീണ്ടും യുവാക്കൾ കുളിക്കാനിറങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
പ്രദേശവാസികൾ ഇത്തരം കയങ്ങളിൽ ചാടി കുളിക്കുന്നത് കണ്ടുകൊണ്ടാണ് വിനോദ സഞ്ചാരികളും കുളിക്കാൻ ഇറങ്ങുന്നത്.
മലങ്കര: സഞ്ചരികൾക്ക് ഹൃദയഹാരിയായ കാഴ്ച സമ്മാനിക്കുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ മലങ്കര ജലാശയം അപകടകാരിയാകും. കാഴ്ചയിൽ ആഴം തോന്നുകയില്ലെങ്കിലും ആഴമേറിയ ഒട്ടേറെ കയങ്ങൾ ഇവിടെയുണ്ട്.മലങ്കരയിൽ അണക്കെട്ട് നിർമിച്ച് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നതിനാൽ സാധാരണ ഡാമിന് മുകളിലെപോലെ തന്നെ വെള്ളത്തിനു സാന്ദ്രത കൂടുതലായിരിക്കും. അതോടൊപ്പം വെള്ളത്തിന് തണുപ്പുമേറെയിരിക്കും. അതിനാൽ നീന്തൽ അറിയാവുന്നവർപോലും അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാൻ സാധ്യത കുറവാണ്. വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നതിനാൽ ഡാമിൽ ചെളിയടിഞ്ഞു കൂടിയിട്ടുണ്ട്. ഈ ചെളിയിൽ കാൽ പൂണ്ട് അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ജലാശയത്തിന്റ അരികിൽ നിന്ന് നോക്കുമ്പോൾ വെള്ളത്തിന് അധികം ആഴം തോന്നുകയില്ല. ഇതാണ് സഞ്ചരികളെ ഭയം കൂടാതെ വെള്ളത്തിലിറങ്ങാൻ പ്രേരിപ്പിക്കുന്നത്. മലങ്കരയിൽ എവിടെയും അപകട സൂചനാ ബോർഡുകളില്ല. അപകടം ഉണ്ടായാൽ രക്ഷപ്പെടുത്താൻ ലൈഫ് ഗാർഡുകളുമില്ല. സുരക്ഷിതമായി കുളിക്കാൻ കടവുകൾ നിർമ്മിക്കാത്തതിനാൽ സഞ്ചാരികൾ എവിടെയും ഇറങ്ങി കുളിക്കാൻ തുനിയുന്നത് അപകടത്തിന് ഇടയാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..