തൊടുപുഴ: നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങൾ വെള്ളിയാഴ്ച തുറന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥലങ്ങളിലാണ് മാനദണ്ഡങ്ങളനുസരിച്ച് വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. പലയിടങ്ങളിലും ആളുകൾ കുറവായിരുന്നു. ജില്ലയിലെ പ്രാദേശിക കേന്ദ്രങ്ങളിലും പതുക്കെ ആളുകളെത്തിത്തുടങ്ങിയിട്ടുണ്ട്.

ഇടുക്കി ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക്, മാട്ടുപ്പെട്ടി ബൊട്ടാണിക്കൽ ഗാർഡൻ, രാമക്കൽമേട്, മൂന്നാർ ബോട്ടിങ് സെന്റർ, പാഞ്ചാലിമേട്, വാഗമൺ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളാണ് ഒരിടവേളയ്ക്കുശേഷം തുറന്നുകൊടുത്തത്. തുറന്നയിടങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ പ്രവേശനത്തിനായി ഹാജരാക്കണം.

രാജമല 9-ന് തുറക്കും

കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ തിങ്കളാഴ്ച സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ കേന്ദ്രസർക്കാർ നിർദേശം വന്നതിനുശേഷമേ തേക്കടി അടക്കമുള്ള വന്യജീവിസങ്കേതങ്ങൾ തുറക്കൂ.

Content highlights :idukki major tourist destination will be opened with covid restrictions