ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമിന് സമീപത്തെത്തിയാല്‍ കാണാന്‍ കഴിയുന്ന ഒരു കാഴ്ചയുണ്ട്, കാടുപിടിച്ച് കിടക്കുന്ന കുറേ കെട്ടിടങ്ങള്‍ കൂണുകള്‍പോലെ ഉയര്‍ന്ന് നില്‍ക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച കോട്ടേജുകള്‍ ഇപ്പോള്‍ പ്രേതാലയംപോലെയായി. വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടാതായതോടെ അധികൃതരും ഇത് ഉപേക്ഷിച്ച നിലയിലാണ്.

വഴി, വെള്ളം, വൈദ്യുതി ഇല്ല

ആര്‍ച്ച് ഡാമിന്റെ അടിയില്‍ നിര്‍മിക്കപ്പെട്ട കോട്ടേജില്‍ കുടിവെള്ളമില്ലാത്തതാണ് ആദ്യം തിരിച്ചടിയായത്. ഒരു വര്‍ഷംമുന്പ് കുടിവെള്ളമെത്തിക്കാന്‍ അണക്കെട്ടിന്റെ താഴ്ഭാഗത്ത് കിണര്‍ കുഴിച്ച് വെള്ളം പമ്പ് ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, കിണര്‍ നിര്‍മാണം കടലാസിലൊതുങ്ങി.

വഴിത്തര്‍ക്കമായിരുന്നു മറ്റൊരു തടസ്സം. ഇത് 'മാതൃഭൂമി' വാര്‍ത്തയിലൂടെ പരിഹരിക്കപ്പെട്ടു. എന്നാല്‍, വഴിയുടെ തുടര്‍നിര്‍മാണം നടന്നില്ല. കോട്ടേജിലേക്ക് പ്രവേശിക്കുന്ന വഴി വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള റോഡിലൂടെയായിരുന്നു. ഇതിന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തടസ്സമുന്നയിച്ചതോടെ 'മാതൃഭൂമി' ഇതും വാര്‍ത്തയാക്കി. മന്ത്രി എം.എം.മണി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.

എന്നാല്‍, പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ ഇനിയും കോട്ടേജുകളില്‍ വൈദ്യുതിയെത്തിയിട്ടില്ല.

Content Highlights: Idukki Dam, Idukki Tourism Cottages, Idukki Tourism, Kerala Tourism, Travel News