ബേലൂരിലെ ഹൊയ്സാല ക്ഷേത്രം | ഫോട്ടോ: എ.എൻ.ഐ
യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട് കർണാടകയിലെ മൂന്ന് ക്ഷേത്രങ്ങൾ. ബേലൂർ, ഹലേബിഡ്, സോമനാഥപുര എന്നീ ഹൊയ്സാല ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്നത്. 2022-23 വർഷത്തേക്കുള്ള പട്ടികയിലേക്ക് ക്ഷേത്രങ്ങളെ നാമനിർദേശം ചെയ്തതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
2014 ഏപ്രിൽ 15 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയിൽ ഹൊയ്സാല ക്ഷേത്രങ്ങളുണ്ട്. കൂടാതെ ഇന്ത്യയുടെ സമ്പന്നമായ ചരിത്രപരമായും സാംസ്കാരികപരവുമായ പാരമ്പര്യത്തിന്റെ അടയാളമായി അവ നിലകൊള്ളുന്നു.

യുനെസ്കോയുടെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയായ വിശാൽ വി. ശർമ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട നാമനിർദേശം യുനെസ്കോ വേൾഡ് ഹെറിറ്റേജ് ഡയറക്ടർ ലസേയർ എലോണ്ടുവിന് സമർപ്പിച്ചു. സാങ്കേതിക പരിശോധന പിന്നാലെ നടക്കും. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ഹൊയ്സാല ക്ഷേത്രങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് വിശാൽ വി ശർമ പിന്നീട് ട്വീറ്റ് ചെയ്തു.
യുനെസ്‌കോയിൽ നിന്നുള്ള വിദഗ്ധ സംഘം 2022 സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ജൂലൈ- ഓഗസ്‌റ്റിൽ നടക്കുന്ന യോഗത്തിൽ ക്ഷേത്രങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ യുനെസ്‌കോ പൈതൃക സമിതി അന്തിമതീരുമാനമെടുക്കും.
ഇതൊരു മഹത്തായ നിമിഷമാണെന്നാണ് കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര, വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പ്രതികരിച്ചത്. നമ്മുടെ മൂർത്തവും അദൃശ്യവുമായ പൈതൃകം ആലേഖനം ചെയ്യുന്നതിലും ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതോ അപഹരിക്കപ്പെട്ടതോ ആയ സാംസ്കാരിക പൈതൃകത്തെ തിരികെ കൊണ്ടുവരുന്നതിലും ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ഹൊയ്‌സാല ക്ഷേത്രങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളാണെന്നും അതിനാൽ അവയുടെ സംരക്ഷണവും പരിപാലനവും അവരുടെ ചുമതലയാണെന്നും സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഈ മൂന്ന് സ്മാരകങ്ങൾക്ക് ചുറ്റുമുള്ള സംസ്ഥാനത്തെ സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഹൊയ്സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നത് കർണാടകയിലെ വിനോദസഞ്ചാരത്തിന് വലിയ മാറ്റമാണുണ്ടാക്കുക. ഇതുവഴി കൂടുതൽ ആഭ്യന്തര, അന്തർദേശീയ സഞ്ചാരികൾ സംസ്ഥാനത്തേക്ക് ആകർഷിക്കപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Content Highlights: Hoysala Temples in Karnataka, Belur, Halebid, Somanathapura, UNESCO world heritage sites
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..