ലപ്പുഴ: നാളുകളായി അനക്കമില്ലാതിരുന്ന കായലോരവിനോദസഞ്ചാരമേഖലയ്ക്കു ജീവൻ വച്ചു. വ്യാഴാഴ്ച മുതൽ കോവിഡ് മാനദണ്ഡപ്രകാരം ജില്ലയിൽ പുരവഞ്ചികളും ശിക്കാരകളും പ്രവർത്തിച്ചുതുടങ്ങി. യാത്രയ്ക്ക് ഡി.ടി.പി.സി.യിൽനിന്നുള്ള ബോർഡിങ് പാസുള്ള വള്ളങ്ങൾക്കു മാത്രമേ അനുമതിയുള്ളു. പാസില്ലാത്ത വള്ളങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കും.

ആദ്യദിവസം 15 പുരവഞ്ചികൾക്കും അഞ്ചു ശിക്കാരകൾക്കും ബോർഡിങ് പാസ് നൽകി. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ചുമാത്രമേ വള്ളങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ. സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇതു രണ്ടുമില്ലാതെ എത്തിയ സഞ്ചാരികളെ തിരിച്ചയച്ചു.

എല്ലാദിവസവും അണുവിമുക്തമാക്കിയതിനു ശേഷമേ പുരവഞ്ചികളും ശിക്കാരവള്ളങ്ങളും യാത്രയ്ക്കായി തയ്യാറാകുവാൻ പാടുള്ളൂ. ഇതിലേക്കായി യൂസർ ഫീയിനത്തിൽ പുരവഞ്ചിക്കു ദിവസം 100 രൂപയും ശിക്കാരവള്ളത്തിന് 20 രൂപയും ഡി.ടി.പി.സിക്കു നൽകണം.

പുന്നമട ഫിനിഷിങ് പോയിന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്നു ബോർഡിങ് പാസുകൾ ഡി.ടി.പി.സി. വഴി വിതരണം ചെയ്യും. ഓണാവധിയോടെ കുടുതൽ സഞ്ചാരികൾ എത്തി ഈ രംഗം വീണ്ടും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണു പുരവഞ്ചി ഉടമകളും തൊഴിലാളികളും.

Content highlights :house boat service started in alappuzha after a long time tourists comeback