.jpg?$p=0ba3f9b&f=16x10&w=856&q=0.8)
ഊട്ടി (ഫയൽ ചിത്രം) | ഫോട്ടോ മാതൃഭൂമി
ഗൂഡല്ലൂര്‍: ഊട്ടി ബൊട്ടാണിക്കല്‍ ഗാര്ഡന്, റോസ് ഗാര്ഡന്, ബോട്ട് ഹൗസ്, ബിക്കര ബോട്ട് ഹൗസ്, ഉച്ചിമല വ്യൂപോയിന്റ്, മുതുമല തുടങ്ങി നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവുകൂടി. അവധി ദിവസങ്ങളിലെല്ലാം നീലഗിരിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണുണ്ടായത്. ഊട്ടിയിലെ ബോട്ട് ഹൗസിലും ഗൂഡല്ലൂര്‍ ഊട്ടി റോഡിലെ ഉച്ചിമല വ്യൂപോയിന്റിലും വേനല്‍ക്കാല കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകര്‍ കൂട്ടമായെത്തി.
ഊട്ടിയിലെയും മസിനഗുഡിയിലെയും മുതുമലയിലെയും റിസോര്‍ട്ടുകളിലെല്ലാം വിനോദസഞ്ചാരികളുടെ ബുക്കിങ് ചാകരയാണ്. ഊട്ടിയിലെ ബോട്ടുഹൗസില് ഫ്ളോട്ട് ബോട്ട്, പെഡല്‍ ബോട്ട്, മോട്ടോര്‍ ബോട്ട് എന്നിവയുള്‍പ്പെടെയുള്ള ബോട്ടുകളില്‍ സവാരിചെയ്യാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണ്. നീണ്ട വരിയില്‍ കാത്തുനിന്ന സഞ്ചാരികള്‍ ബോട്ടിലെ ആവേശകരമായ യാത്ര ആസ്വദിക്കുകയാണ്.
ഗൂഡല്ലൂരിലെ ഉച്ചിമല വ്യൂപോയന്റിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുമല ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നാണ് ഉച്ചിമല വ്യൂപോയന്റ്. ഗൂഡല്ലൂരില്‍നിന്ന് ഊട്ടിയിലേക്കുള്ള വഴിയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. നിലവില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ധാരാളം വിനോദസഞ്ചാരികള്‍ വന്നുപോയി. കേരളത്തില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതുമല, ഉച്ചിമല, ബിക്കര ഡാം, ബോട്ട് ഹൗസ്, ഷൂട്ടിങ് ലെവല്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. മുതുമല, നാടുകാണി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, ഉച്ചിമല, ബിക്കര, ഷൂട്ടിങ് ലെവല്‍ എന്നിവ കാണാനും തിരക്കുണ്ട്. മേയ് 13 മുതല്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന സുഗന്ധദ്രവ്യപ്രദര്ശനം ഉള്‍പ്പെടെ വരാനിരിക്കെ, വന്‍തിരക്കാണ് വരാനിരിക്കുന്ന ദിവസങ്ങളിലും പ്രതീക്ഷിക്കുന്നത്.
പ്ലാസ്റ്റിക്കുത്പന്നങ്ങള് പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ പത്രക്കുറിപ്പുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം കര്‍ശനമായി സ്വയം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തിരക്കുകാരണം നീലഗിരിയിലാകെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..