കോവിഡ് 19 പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിലുള്ള സഞ്ചാരികൾക്ക് ഇനിമുതൽ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ക്വാറന്റീൻ വേണ്ടെന്ന് ഹവായി. കോവിഡ് 19 നെഗറ്റീവ് ആണെന്ന സാധുവായ രേഖകൾ കയ്യിലുള്ള സഞ്ചാരികൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ 14 ദിവസത്തേക്കുള്ള ക്വാറന്റീൻ വേണ്ടെന്ന അറിയിപ്പ് ബുധനാഴ്ചയാണ് അധികൃതർ നൽകിയത്.

ഇക്കഴിഞ്ഞ മാർച്ച് 26 മുതൽ സന്ദർശകർക്കും മടങ്ങിയെത്തുന്നവർക്കും 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ജൂലൈ 31 വരെ ഇത് നീട്ടുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ ആരോഗ്യത്തിനാണ് പ്രാഥമിക പരിഗണന നൽകുന്നതെന്ന് ഹവായ് ഗവർണർ ഡേവിഡ് ഐജ് പറഞ്ഞു. വിനോദസഞ്ചാരികളിൽ നിന്നുള്ള വരുമാനം ലഭിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും രാജ്യത്തെ താമസക്കാരുടേയും സന്ദർശകരുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളു. എങ്കിലും രാജ്യത്തെ ടൂറിസം പതിയെ തിരിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞമാസം ജപ്പാനുമായുള്ള യാത്രാ പദ്ധതിയുടെ സാധ്യതകൾ ഹവായി ആരാഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ചില മാനദണ്ഡങ്ങൾക്കനുസൃതമായി ക്വാറന്റീൻ മറികടക്കാനുള്ള അനുവാദവും ഹവായ് നൽകിയിരുന്നു.

Content Highlights: Hawaii Tourism, Hawaii to lift mandatory 14-day quarantine for travelers, Travel News