ഹവായ്: കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ചതോടെ വിനോദസഞ്ചാര മേഖല ആകെ തകിടം മറിഞ്ഞു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമെല്ലാം സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ഗതികേടിലായി സഞ്ചാരികള്‍. 

എന്നാല്‍ കോവിഡ് കാലത്തും മാസ്‌ക് ധരിക്കാതെ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഒരിടമുണ്ട്. ഹവായ് ദ്വീപാണ് ഈ സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹവായ് ദ്വീപിലെ തുറസ്സായ സ്ഥലങ്ങളില്‍ സഞ്ചാരികള്‍ക്ക് മാസ്‌കില്ലാതെ സന്ദര്‍ശിക്കാനാകും.

ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഐഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹവായ് ബീച്ചുകളിലാണ് പ്രധാനമായും സഞ്ചാരികള്‍ക്ക് മാസ്‌കില്ലാതെ നടക്കാനാകുക. ഹൈക്കിങ് നടത്തുന്നതിനും മാസ്‌ക് വേണ്ട. എന്നാല്‍ ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. 

വിദേശസഞ്ചാരികളെ സ്വീകരിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായാണ് പുതിയ നയം സര്‍ക്കാര്‍ കൈക്കൊണ്ടത്. വിദേശ സഞ്ചാരികള്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം കൈയ്യില്‍ കരുതിയാല്‍ മതി. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഹവായ് ദ്വീപിലേക്ക് പ്രവേശനമില്ല. 

Content Highlights: Hawaii lifts outdoor mask rule for all