സാഹസികത ഇഷ്ടപ്പെടുന്നവര്‍ എപ്പോഴും പരീക്ഷിക്കുന്ന ഒരു വിനോദമാണ് പാരാഗ്ലൈഡിങ്. ബലൂണില്‍ നിര്‍ദേശകനൊപ്പം കയറി കുന്നുകളും പുഴയും കാറ്റുമെല്ലാം സധൈര്യം ആസ്വദിക്കുന്നു ഇത്തരക്കാര്‍. എന്നാല്‍ പാരാഗ്ലൈഡിങ്ങില്‍ ഇതുവരെ ആരും ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത പരീക്ഷണമാണ് തുര്‍ക്കിയിലെ ഇസ്മിര്‍ സ്വദേശിയായ ഹസന്‍ കവല്‍ നടത്തിയത്.
പാരാഗ്ലൈഡിങ് പൈലറ്റും ഇന്‍സ്ട്രക്ടറുമാണ് 29 കാരനായ ഹസന്‍. ബലൂണിനൊപ്പം ഘടിപ്പിച്ച സോഫയിലിരുന്ന് ടി.വിയും കണ്ടുകൊണ്ടാണ് ഹസന്‍ പാരാഗ്ലൈഡിങ് നടത്തിയത്. വിശ്വാസം വരുന്നില്ല അല്ലേ..? പ്രത്യേകം തയ്യാറാക്കിയ ഉരുക്ക് ഫ്രെയിമിലാണ് ചുവന്ന ലെതര്‍ നിര്‍മിത സോഫ ഘടിപ്പിച്ചത്. ഇത് പാരച്യൂട്ടിലേക്ക് സംയോജിപ്പിച്ചു. ഒപ്പം കാലുവെയ്ക്കാനുള്ള ചെറിയ സ്റ്റൂളും ടെലിവിഷനും പിന്നാലെ സജ്ജീകരിച്ചു.
തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഫെതിയെ ജില്ലയിലെ മുഗ്ല പ്രവിശ്യയിലെ ഓലുഡെനിസില്‍ വച്ചായിരുന്നു ഈ മാസം രണ്ടിന് 29-കാരന്റെ സാഹസിക പ്രകടനം. സുഹൃത്തുക്കളുമുണ്ടായിരുന്നു ഹസന്റെ സാഹസികപ്രകടനത്തിന്റെ അണിയറയില്‍. സുഹൃത്തുക്കള്‍ ചേര്‍ന്ന് പാരച്യൂട്ട് തള്ളിവിടുന്നത് സ്വയം പകര്‍ത്തുകയും ചെയ്തു അദ്ദേഹം.
ആകാശത്തുവെച്ച് ധരിച്ചിരുന്ന ഷൂ മാറ്റി ചെരിപ്പിട്ടു. പിന്നെ ടി.വി ഓണ്‍ ചെയ്തു. ഒരു കാന്‍ കോളയും ഒരു പാക്കറ്റ് ഡൊറിറ്റോസും കഴിച്ചു. ടി.വിയില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ ഇതെല്ലാം പകര്‍ത്തുന്നുണ്ടായിരുന്നു. പരീക്ഷണം വളരെ നന്നായിരുന്നെന്നും ആയാസരഹിതമായി അനുഭവപ്പെട്ടെന്നും സുരക്ഷിതനായി താഴെയിറങ്ങിയ ശേഷം ഹസന്‍ പറഞ്ഞു.
Content Highlights: Hasan Kaval Extreme Adventurous Paragliding Turkey Paragliding Instructor