ബെംഗളൂരു : വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ കാഴ്ചകളെല്ലാം സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ്. എന്നാൽ, കൂടുതൽ ആകർഷകമായി തോന്നുന്നത് വിറ്റാല ക്ഷേത്ര സമുച്ചയത്തിൽ കല്ലിൽ കൊത്തിയെടുത്ത രഥമാണ്. ഇതുതന്നെയാണ് പുതിയ അമ്പത് രൂപ നോട്ടിലെ കൽരഥവും. കർണാടക വിനോദസഞ്ചാര വകുപ്പിന്റെ മുദ്ര കൂടിയാണ് വടക്കൻ കർണാടകത്തിലെ ഹംപി വിറ്റാല ക്ഷേത്രത്തിലെ ഈ രഥം.

16-ാം നൂറ്റാണ്ടിൽ കൃഷ്ണദേവരായരുടെ കാലത്ത് പണിത കൽരഥം വിജയനഗര സാമ്രാജ്യത്തിന്റെ സൗന്ദര്യവും കരവിരുതിന്റെ പൂർണതയും എടുത്തുകാട്ടുന്നു. ദേവരായ രാജവംശം ഒഡിഷ പിടിച്ചടക്കിയതിന്റെ സ്മരണയ്ക്കായിട്ടാണ് വിറ്റാല ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കോണാർക്കിലെ സൂര്യക്ഷേത്ര മാതൃകയിൽ കൽരഥം പണികഴിപ്പിച്ചത്. വിറ്റാല ദേവന്റെ വാഹനമായ ഗരുഡന്റെ ചെറിയ അമ്പലമാണ് രഥത്തിന്റെ മാതൃകയിൽ കൊത്തിയുണ്ടാക്കിയത്. അരയ്ക്ക് കൈകൊടുത്ത് നിൽക്കുന്ന വിഷ്ണുവിന്റെ ബാലവിഗ്രഹമായിരുന്നു ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഇവിടം ഹംപിയിലെത്തുന്നവരുടെ മുഖ്യ ആകർഷണമാണ്. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകകളിലൊന്നായതിനാലാണ് ഈ കൽരഥത്തെ പുതിയ അമ്പതു രൂപയിൽ ഉൾപ്പെടുത്തിയത്. രഥത്തിന്റെ മുകളിൽ ഗരുഡന്റെ ശില്പം മുമ്പുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

പല ഗ്രാനൈറ്റ് പാളികളാൽ നിർമിച്ച ഈ രഥം ഒറ്റക്കല്ലിൽ പണിതതാണെന്ന് തോന്നിപ്പിക്കുന്നത് ശില്പകലയുടെ പൂർണത വെളിവാക്കുന്നു. കല്ലുകൾ സംയോജിക്കുന്ന സ്ഥലങ്ങൾ ഏതെന്ന് മനസ്സിലാകാത്ത വിധമാണ് ഇതിന്റെ നിർമിതി. ഇരു വശങ്ങളിലുമായി നാല് ചക്രങ്ങളുള്ള രഥത്തെ രണ്ടാനകൾ ചേർന്ന് വലിച്ചുകൊണ്ടുപോകുന്നതായി തോന്നിപ്പിക്കും.

കോവിഡ് വ്യാപനം കുറഞ്ഞതോടെ തുംഗഭദ്ര നദീതീരത്തുള്ള ഹംപിയിലെ വിസ്മയക്കാഴ്ചകൾ കാണാൻ വിദേശികളുൾപ്പെടെ ഒട്ടേറെ സഞ്ചാരികൾ എത്തുന്നു. ഗവേഷക, ചരിത്രവിദ്യാർഥികളുടെ ഇഷ്ടസ്ഥലം കൂടിയാണിത്.

Content Highlights: Hampi, stone chariot in Hampi, Hampi in new 50 rs currency