ഗൂഡല്ലൂർ: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങിയതോടെ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തനസമയം ക്രമീകരിക്കുകയും, കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച മറ്റു മുൻകരുതലുകളും കൂടിയായപ്പോഴാണ് സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തേണ്ട സീസണിലും ആളു കുറയുന്നത്. 

മുതുമല കടുവാ സങ്കേതത്തിൽ സാധാരണ ഒട്ടേറെ സിനിമാ - ആൽബം ഷൂട്ടിങ്ങുകൾ നടക്കാറുണ്ട്. അതുപോലെ ഗൂഡല്ലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിൽ ഊശിമല വ്യൂപോയന്റുൾപ്പെടെ കേന്ദ്രങ്ങളുമുണ്ട്. കൂടാതെ, നിബിഡവനങ്ങളും മനോഹരമായ താഴ്വരകളും മറ്റു പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

പ്രതീക്ഷ പുലർത്തിയ സീസൺ പെട്ടെന്ന് കൊട്ടിയടച്ചാണ് പുതിയ കർഫ്യൂ നിയമങ്ങൾ ജില്ലയിൽ നടപ്പാക്കിയത്. ഇതോടെ ഗൂഡല്ലൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളും കുറഞ്ഞു. ഊശിമല വ്യൂപോയന്റിലും മുതുമല കടുവാ സങ്കേതത്തിലുമെല്ലാം വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ് ഇപ്പോഴെത്തുന്നത്. പല വിനോദസഞ്ചാര കേന്ദ്രങ്ങളും വിജനമായി.

വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന കച്ചവടക്കാരെയാണ് ഇത് വളരെയേറെ ബാധിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ എണ്ണം നിലവിൽ കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു.

കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വരുമാനവും നിലച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പൊങ്കൽ സംസ്ഥാനത്താഘോഷിക്കാനിരിക്കെ, നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ദിവസങ്ങളിൽ ആളുകൾ അവധി ദിവസങ്ങളാഘോഷിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

Content Highlights: Gudaloor tourism spots, oosimala view point, muthumala tiger resrve, malayalam travel news