കുമളി: പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ഡിണ്ടിഗല്‍-കുമളി പാതയേക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത്. ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ പദ്ധതി ഫയലില്‍ മാത്രം ഒതുങ്ങി. എന്നാല്‍, ഇപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമാകാനുള്ള വഴി തെളിയുകയാണ്. നവംബറില്‍ പൂര്‍ത്തിയാകുന്ന മധുര-ബോഡിനായ്ക്കന്നൂര്‍ പാതയുമായി ബന്ധിപ്പിച്ച് ഈ പദ്ധതിക്ക് ജീവന്‍ വെയ്പ്പിക്കാനാണ് തമിഴ്‌നാടിന്റെ ആലോചന. പാത യാഥാര്‍ഥ്യമായാല്‍ ജില്ലയുടെ അതിര്‍ത്തിയായ കുമളിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലത്തില്‍ റെയില്‍വേ സ്റ്റേഷന്‍ വരും. തമിഴ്‌നാട്ടിലെ ലോവര്‍ ക്യാംപിലാണ് ഈ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയുടെ വ്യാപാര-വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ഗുണം ചെയ്യും.

എങ്ങുമെത്താത്ത നാള്‍വഴി

2009-ലാണ് ഡിണ്ടിഗല്‍-കുമളി പാതയ്ക്ക് ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചത്. അഞ്ഞൂറ് കോടി രൂപ ചെലവായിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ പപ്പാതി വീതം കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരും വഹിക്കണമെന്നായിരുന്നു ആസുത്രണ കമ്മിഷന്റെ നിര്‍ദേശം. എന്നാല്‍, അതില്‍ സമവായമുണ്ടായില്ല. ഇതോടെ പദ്ധതിയുടെ തുടര്‍ നടപടികള്‍ മുടങ്ങുകയായിരുന്നു.

വീണ്ടും ഉണരുന്നു

മധുര-ബോഡിനായ്ക്കന്നൂര്‍ റെയില്‍പാതയിലെ തേനി സ്റ്റേഷനുമായി ബന്ധിപ്പിച്ച് പാത യാഥാര്‍ഥ്യമാക്കാനാണ് ആലോചന. തേനി മുതല്‍ ബോഡി നായ്ക്കന്നൂര്‍ വരെ പാതയുണ്ട്. ബോഡി നായ്കന്നൂരില്‍ നിന്ന് തേവാരം, കമ്പം വഴി ലോവര്‍ ക്യാംപിലേക്ക് പാത നിര്‍മിക്കണം. അതുപോലെ ഡിണ്ടിഗലില്‍ നിന്ന് ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം വഴി തേനിയിലേക്കും പാത നിര്‍മിക്കണം. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രവുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം.

ജില്ലയ്ക്ക് വലിയ പ്രയോജനം

പദ്ധതി യാഥാര്‍ഥ്യമായ റെയില്‍ പാതയില്ലാത്ത നമ്മുടെ ജില്ലയ്ക്ക് വലിയ ഗുണം ചെയ്യും. കുമളിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ലോവര്‍ ക്യാംപ് വരെ പാതയുണ്ട്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ജില്ലയിലേക്ക് എത്താനുള്ള എളുപ്പ വഴിയാകും ഈ പാത. അത് കൂടുതല്‍ സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകും.കേരളത്തിലെ മലഞ്ചരക്കിന്റേയും തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടേയും ചരക്ക് നീക്കം എളുപ്പത്തിലാകും. തമിഴ്‌നട്ടിലെ കച്ചവട കേന്ദ്രങ്ങളുമായി കൂടുതല്‍ അടുക്കും.

ഇത് വാണിജ്യരംഗത്ത് വലിയ കുതിച്ച് ചാട്ടമുണ്ടാകും. കൂടാതെ ശബരിമല തീര്‍ഥാടകര്‍ക്കും പഴനി, മധുര തുടങ്ങിയിടങ്ങളിലേക്ക് പോകുന്നവര്‍ക്കും പാത പ്രയോജനം ചെയ്യും. ജില്ലയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്.പാത യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിക്കും നിവേദനം നല്‍കി.

Content Highlights; green signal for dindigal-kumali path