കൊച്ചി: ഗ്രീക്കോ റോമൻ കാലത്ത് മുദ്രമോതിരങ്ങളിൽ നിറഞ്ഞുനിന്ന ഗ്രീക്ക് പുരാണത്തിലെ സ്ത്രീ നരസിംഹത്തിന്റെ ശില്പം വടക്കൻ പറവൂരിലെ പട്ടണത്തുനിന്ന് കണ്ടെത്തി. ആദ്യമായാണ് തെക്കേ ഇന്ത്യയിൽ ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങൾ പുരാവസ്തു ഉത്ഖനനത്തിൽ ലഭിക്കുന്നത്. പാമ ഇൻസ്റ്റിറ്റ്യൂട്ടും പട്ടണം ആൻഡ് മതിലകം എക്സ്കവേഷനും ചേർന്ന് നടത്തുന്ന പട്ടണം ഉത്ഖനനത്തിലാണ് ഈ കണ്ടെത്തലുകൾ.

സ്ത്രീ നരസിംഹം

Sthree Narasimhamഅഗസ്റ്റസ് സീസർ ചക്രവർത്തിയാകും മുമ്പ് ഒക്ടോവിയൂസ് എന്ന് അറിയപ്പെട്ട ചെറുപ്പകാലത്ത് മോതിരത്തിൽ ഉപയോഗിച്ച മുദ്ര സ്ത്രീ നരസിംഹമായിരുന്നു. സ്ത്രീ നരസിംഹത്തിന്റെ മുദ്ര ലഭിച്ച ട്രെഞ്ചറിൽ നിന്നു തന്നെ ഗ്രീക്കോ റോമൻ കലാ പാരമ്പര്യത്തിൽപ്പെടുന്ന തലയുടെ ചെറുശില്പവും കണ്ടെത്തി. രണ്ടായിരം വർഷം മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡം യൂറോപ്പുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളാണിവ. മുദ്രമോതിരത്തിൽ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീ നരസിംഹം അഥവാ സ്‌ഫിങ്ക്സ് പുരാതന ഗ്രീക്ക് കഥകളിലാണുള്ളത്. ചിറകുകളും സിംഹത്തിന്റെ ശരീരവുമുള്ള യുവതിയാണ് സ്‌ഫിങ്ക്സ്.

പട്ടണത്തെ മുദ്രമോതിരം ലഭിച്ച അടരിൽനിന്ന് മെഡിറ്ററേനിയൻ മൺപാത്രങ്ങൾക്കു പുറമേ അതുണ്ടാക്കിയ അഗേറ്റ് വർണക്കല്ലിന്റെ അവശിഷ്ടങ്ങളും ക്യാമിയോ ബ്ലാങ്കുകളും ലഭിച്ചിരുന്നു.

തലയുടെ ചെറുശില്പം

Sculpture Headഗ്രീക്കോ റോമൻ കലാ പാരമ്പര്യത്തിൽപ്പെടുന്ന തലയുടെ ചെറുശില്പമാണ് ലഭിച്ച മറ്റൊരു പുരാവസ്തു. ചുണ്ണാമ്പ് മിശ്രിതത്തിൽ ഉണ്ടാക്കിയ ഈ ശില്പം ഒന്നാം നൂറ്റാണ്ട് ബി.സി. മുതൽ നാലാം നൂറ്റാണ്ട് കാലത്തെ ശില്പശൈലിയെ സൂചിപ്പിക്കുന്നു. ആ കാലത്ത് പേഗൻ മതാചാരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും ഇതിലൂടെ പരിശോധിക്കേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു. കാലനിർണയ സൂചകങ്ങൾ പ്രകാരം ഈ ശില്പം ആഗോള നാവിക ശൃംഖലയിൽ മുസിരിസിന് ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നതിന്റെ തെളിവാണ്.

കെട്ടിടാവശിഷ്ടങ്ങൾ മുതൽ പാത്രങ്ങൾ വരെ

ഈ വർഷത്തെ ഉത്ഖനനത്തിൽ ചരിത്ര പ്രാധാന്യമുള്ള കെട്ടിടാവശിഷ്ടങ്ങൾ മുതൽ പാത്രങ്ങൾ വരെ ലഭിച്ചിട്ടുണ്ട്. അനവധി തദ്ദേശ വിദേശ നിർമിത കലങ്ങളുടെ ഭാഗങ്ങൾ, ഇന്ത്യൻ നിർമിത ചുവന്ന പരുക്കൻ പാത്രങ്ങൾ, മൺപാത്രക്കഷ്ണങ്ങൾ തുടങ്ങിയവയാണ് ഇവയിൽ മുഖ്യം.

വിദേശ മൺപാത്രങ്ങളിൽ മെഡിറ്ററേനിയൻ ചെങ്കടൽ പ്രദേശങ്ങളിലെ വീഞ്ഞ് ഭരണിയുടെ കഷ്ണങ്ങൾ, തെക്കേ ഇറ്റലിയിലെ പാത്രക്കഷ്ണങ്ങൾ, സൗത്ത് അറേബ്യ, മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിലെ ജാറുകളുടെയും ഗ്ലേസ്ഡ് പോട്ടറികളുടെയും അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. കാലഗണന പരിശോധിക്കുമ്പോൾ മൂന്നാം നൂറ്റാണ്ട് ബി.സി. മുതൽ അഞ്ചാം നൂറ്റാണ്ട് സി.ഇ. (സംഘകാലം) നിർമിതികളാണെന്നാണ് കണ്ടെത്തിയത്.

കെട്ടിടാവശിഷ്ടങ്ങളിൽ വെന്ത ഇഷ്ടിക, ചെങ്കൽ കഷ്ണങ്ങൾ എന്നിവയാണ് കൂടുതൽ. സംഘകാലത്തെ മൂന്ന് ചാലുകളുള്ള ഓടുകളും മധ്യകാലത്തെ കൂരയോടുകളും കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിന്റെ കണ്ണ് ഇനി പട്ടണത്തിലേക്ക്, ലോക നിലവാരത്തിലുള്ള പൈതൃക കേന്ദ്രമാക്കാൻ പദ്ധതി

അഞ്ജലി എൻ. കുമാർ

കൊച്ചി: ഗ്രീക്കോ റോമൻ കാലവും പേഗൻ സംസ്കാരവുമടക്കം മുപ്പതിലധികം സംസ്കാരങ്ങളുമായി കേരളത്തിനുണ്ടായിരുന്ന ബന്ധത്തെ ലോക ശ്രദ്ധയിലെത്തിക്കാൻ സവിശേഷ പദ്ധതി വരുന്നു. ശാസ്ത്ര ഗവേഷകരുടെ സംഘമായ പാമ ഇൻസ്റ്റിറ്റ്യൂട്ടും പട്ടണം ആൻഡ് മതിലകം എക്സ്കവേഷനും ചേർന്ന് നടത്തുന്ന ഉത്ഖനനത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

'ലിറ്റിൽ ഹെവൻസ് ആർ പോസിബിൾ' എന്ന് പേരിട്ട് ഒരു സ്റ്റാർട്ട് അപ്പിലൂടെ വടക്കൻ പറവൂരിലെ പട്ടണം ഗ്രാമത്തെ പൈതൃക കേന്ദ്രമാക്കുകയാണ് ലക്ഷ്യം. പട്ടണം പ്രദേശത്തെ പഠന വിധേയമാക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും വിധമുള്ള പദ്ധതികളുണ്ടാകുമെന്ന് പട്ടണം ആൻഡ് മതിലകം എക്സ്കവേഷൻസ് ഡയറക്ടർ പി.ജെ. ചെറിയാൻ പറഞ്ഞു.

പണ്ട് ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നു എന്ന് കരുതപ്പെടുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധ സസ്യങ്ങളും പരമ്പരാഗത മൂല്യങ്ങളോടെ പട്ടണം പ്രദേശത്ത് വളർത്തുകയും വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യും. ഇതിനായി താത്‌പര്യമുള്ളവരെ കണ്ടെത്തി ജോലി നൽകും. ഓർഗാനിക് ഉത്‌പന്നങ്ങൾ മുസിരിസിന്റെ ടാഗോടെയാകും വിപണനം ചെയ്യുക. വിവിധ സംസ്കാരങ്ങളുടെ അവശേഷിപ്പുകൾ നശിപ്പിക്കാതെയാകും കൃഷിയടക്കമുള്ളവ നടത്തുക. പ്രദേശത്ത് ഒരു മീറ്ററിനു താഴെ കുഴിക്കാൻ പാടില്ലെന്ന് നിർദേശം നൽകും.

ലോകത്തിലെ മികച്ച ഗവേഷകരെ പട്ടണത്തിലേക്ക് ആകർഷിക്കും. ഉത്തരവാദിത്വ ടൂറിസമടക്കം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് തൊഴിലിനും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഗുണം ചെയ്യുമെന്നും പി.ജെ. ചെറിയാൻ പറഞ്ഞു.

Content Highlights: Greek Mythology, Greek Mythological Sculptures in Kochi, Muziris, Kerala Tourism, Travel News