Photo: instagram.com/monkey_on_weels/
എവറസ്റ്റ് കീഴടക്കിയവരേപ്പോലെയായിരുന്നു ഗോപുവിന് ലഡാക്കില്‍ എത്തിച്ചേര്‍ന്നപ്പോള്‍ തോന്നിയത്. ലോകത്തിലെതന്നെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ലഡാക്ക് കർദുംഗ് ലാ പാസിലേക്ക് സൈക്കിളും ഉരുട്ടി നടന്നുകയറുമ്പോള്‍ തണുപ്പും ഓക്സിജന്റെ കുറവുമൊന്നും നിശ്ചയദാര്‍ഢ്യമുള്ള ഗോപു ഗോപാലന്റെ മനസ്സിനെ പിന്തിരിപ്പിച്ചില്ല. 17,982 അടി ഉയരത്തിലേക്കായിരുന്നു ആ യാത്ര.
കുളനട പാണില്‍ മാവുനില്‍ക്കുന്നതില്‍ വീട്ടില്‍നിന്നും 2022 ഫെബ്രുവരി ഒന്‍പതിന് തുടങ്ങിയ സൈക്കിള്‍യാത്ര 13 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും കടന്നാണ് 204 ദിവസംകൊണ്ട് ഉയരംകൂടിയ ലഡാക്കിലെ കർദുംഗ് ലാ എന്ന സ്ഥലത്തെത്തിച്ചേര്‍ന്നത്. ആറായിരം കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടിയത് നാടുകാണാനുള്ള കൊതികൊണ്ട് മാത്രമല്ല. പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെയും ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്കൂടിയായിരുന്നു ഗോപുവിന്റെ യാത്ര.
യാത്രയ്ക്കിടയിലെ ഗ്രാമക്കാഴ്ചകള്‍ മനസിനെ പലരീതിയില്‍ ചിന്തിപ്പിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ബൈക്കില്‍ യാത്രചെയ്ത് കേദാര്‍നാഥിലും ബദരി നാഥിലും ഹൃഷികേശിലുമെത്തിയ ഗോപുവിന് ഒട്ടേറെ ദുരനുഭവങ്ങളുണ്ടായി. പേഴ്സും മൊബൈല്‍ഫോണും മോഷണംപോയിരുന്നു. ഇതൊന്നും ഈ യാത്രികനെ യാത്രയില്‍നിന്നും പിന്തിരിപ്പിച്ചില്ല. ആദ്യമായാണ് സൈക്കിളില്‍ ഇത്രദൂരം താണ്ടുന്നത്. ദിവസം ശരാശരി 80 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. വഴിയില്‍ ടെന്റടിച്ച് സ്ലീപ്പിങ് ബാഗില്‍ ഉറങ്ങിയും ഇടയ്ക്ക് തനിയെ ഭക്ഷണം പാകംചെയ്തു കഴിച്ചും യാത്ര നീണ്ടു.
യാത്ര തന്നോളം പ്രായമുള്ള സൈക്കിളില്‍
29 വയസ്സ് പ്രായമുള്ള ഗോപുവിന്റെ യാത്ര 30 വര്‍ഷം പഴക്കമുള്ള സൈക്കിളിലായിരുന്നു. പഞ്ചാബില്‍വെച്ച് സൈക്കിള്‍ മോഷണംപോയി അത് നാട്ടുകാരുടെ ഇടപെടല്‍മൂലം തിരികെ ലഭിച്ചു. മൂന്ന് തവണ സൈക്കിളിന് കേടുപറ്റി. 2500 രൂപ കൈയില്‍ കരുതി സൈക്കിളില്‍ സംസ്ഥാനങ്ങള്‍ ചുറ്റിക്കാണാനിറങ്ങിയ ഗോപുവിനെ സംഘടനകളും, പലരും സഹായിച്ചു. യാത്രക്കിടെ പണം കണ്ടെത്താനായി വഴിയോരക്കച്ചവടവും നടത്തി.
ജോലി കണ്ടെത്തി ഒരു പുതിയ സൈക്കിള്‍ വാങ്ങണം, യാത്ര തുടരണം, ഇന്ത്യക്ക് പുറത്തേക്ക് യാത്രകള്‍ നീട്ടണം. ഓയില്‍ ആന്‍ഡ് ഗ്യാസില്‍ ഡിപ്ലോമ നേടിയ ഗോപു ഗോപാലന്റെ ആഗ്രഹം, അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സ്പോണ്‍സറെ കിട്ടിയാല്‍ ഇന്ത്യക്ക് പുറത്ത് പര്യടനം നടത്താനുള്ള ആഗ്രഹവും ഗോപു മനസ്സില്‍ സൂക്ഷിക്കുന്നു. ഇപ്പോള്‍ പാലക്കാടുവഴി തമിഴ്നാട്ടിലേക്കും അവിടെനിന്നും നാഗാലാന്‍ഡ് വഴി നേപ്പാളിലേക്കും പോകാനുള്ള തയ്യാറെടുപ്പിലാണ്. ഗോത്രവര്‍ഗക്കാരുടെ ജീവിത സാഹചര്യങ്ങള്‍ കാണാനും പഠിക്കാനുമാണ് ഈ യാത്രയെന്ന് ഗോപു പറയുന്നു. ഗോപാലന്റെയും കെ.ഓമനയുടെയും മകനാണ്. ഗോപികയാണ് സഹോദരി.
Content Highlights: Gopu gopalan’s solo ride on cycle to see and explore India Pathanamthitta pandalam native
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..