കൊച്ചിയില്‍ ചായക്കട നടത്തി അതിലെ വരുമാനം വെച്ചു വിദേശ യാത്രകള്‍ നടത്തിയ വിജയന്‍ അവസാനമായി നടത്തിയ യാത്ര റഷ്യയിലേക്കാണ്. മടക്കയാത്രയുടെ തലേ ദിവസം രാത്രി അവരെ കാണുകയും തങ്ങളുടെ വ്‌ളോഗിലൂടെ ആ സംഭാഷണങ്ങള്‍ പകര്‍ത്തുകയും ചെയ്ത ദമ്പതിമാർ ഡോ. കിരണിനും ഡോ. മാനസിയ്ക്കും വിജയന്റെ മരണവാര്‍ത്ത ഉള്‍കൊള്ളാനാകുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി മോസ്‌കോയിലാണ് ആയുര്‍വേദ ഡോക്ടര്‍മാരായ ഈ ദമ്പതിമാർ.

വ്‌ളോഗ് പിന്തുടരുന്ന രോഹിണിയാണ് വിജയന്റെ മകളുടെ ഭര്‍ത്താവ് മുരളിയുടെ നമ്പര്‍ സംഘടിപ്പിച്ചു കൊടുത്തത്. 21-ന് സെയ്ന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ എത്തിയ വിജയനും കുടുംബവും 24-ന് മോസ്‌കോയില്‍ എത്തി. വിജയനെയും ഭാര്യ മോഹനയേയും കാണാനായി കിരണും മാനസിയും രാത്രി വൈകിയാണ് മുറിയിലേക്ക് എത്തിയത്. 11.30നും എഴുപതു വയസു പിന്നിട്ട 'ടീ കപ്പിള്‍' വളരെ ചുറുചുറുക്കോടെയാണ് സംസാരിച്ചത്. അന്നു രാവിലെ മോസ്‌കോയിലെ കിവെസ്‌കിയ (Kiyevskaya) മെട്രോ സ്റ്റേഷനില്‍ എസ്‌കലേറ്ററില്‍ കയറിയ മോഹന വീഴാന്‍ ശ്രമിക്കുകയും സഹായിക്കാനായെത്തിയ മകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. അടുത്ത യാത്ര ഉദയസൂര്യന്റെ നാടായ ജപ്പാനിലേക്കാണ് എന്ന് വിജയന്‍ വ്‌ളോഗില്‍ പറഞ്ഞിരുന്നു. യാത്രയ്‌ക്കെപ്പോഴും ഭാര്യ വേണമെന്ന് വിജയന് നിര്‍ബന്ധമാണ്. തനിക്ക് വരാന്‍ ആരോഗ്യസ്ഥിതി അനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് പിന്മാറാന്‍ ശ്രമിച്ച മോഹനയോട് 'വീല്‍ചെയറില്‍ ഇരുത്തിയാണെങ്കിലും കൊണ്ടുപോകും' എന്നു പറഞ്ഞ് നിര്‍ബന്ധിച്ചാണ് വിജയന് റഷ്യയിലേക്ക് എത്തിച്ചത്. യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ പാസ്‌പോര്‍ട്ട് ചോദിക്കാനായി വരുമ്പോള്‍ ഒഴികഴിവു പറയാമെന്ന് കരുതിയെങ്കിലും വിജയനും മകളുടെ ഭര്‍ത്താവും കൂടെ അത് മുന്നേ എടുത്തുവെച്ചു ആ പഴുതും അടച്ചതായി മോഹന പറഞ്ഞു. പാശ്ചാത്യ ഭക്ഷണം ഇഷ്ടമല്ലാത്തതിനാല്‍ യാത്രകളില്‍ എപ്പോഴും അച്ചാറും ചമ്മന്തിപ്പൊടിയും കരുതും ഇരുവരും. 'താത്പര്യമുള്ള ഭക്ഷണം കിട്ടാതെ പട്ടിണിയായാലും ചെന്നെത്തിയ രാജ്യങ്ങളുടെ കാഴ്ചകള്‍ കാണുകയെന്നതാണ് മുഖ്യം. പലപ്പോഴും മരുന്നുപോലും കഴിക്കാന്‍ മറക്കും. യാത്രവേളകളിലെ രാത്രികളില്‍ ഉറങ്ങാറുമില്ല.'- വിജയന്‍ വ്‌ളോഗര്‍ ദമ്പതിമാരോട് പറഞ്ഞു. സിനിമയിലൂടെയും വായനയിലൂടെയുമാണ് വിജയന്‍ നാടുകളെക്കുറിച്ചറിയുന്നത്.
തികച്ചും അനൗപചാരികമായ കൂടിക്കാഴ്ച അതേപടി വ്‌ളോഗില്‍ പകര്‍ത്തുകയായിരുന്നുവെന്ന് കിരണും മാനസിയും പറഞ്ഞു. സംസാരത്തിനൊടുവില്‍ വയോധിക ദമ്പതിമാരുടെ അനുഗ്രഹം വാങ്ങി ഉപഹാരവും നല്‍കിയാണ് ഇരുവരും മടങ്ങിയത്. 

'എന്തു പറയണം എന്ന് അറിയില്ല, വല്ലാത്ത ഒരു ഞെട്ടല്‍ ആയിപ്പോയി വിജയേട്ടന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത രണ്ടു വ്യക്തിത്വങ്ങള്‍. അവരുടെ കൂടെ കുറച്ചു സമയം ചെലവഴിക്കാന്‍ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം തന്നെ. രണ്ട് ഉടലും ഒരു മനസുമായി കഴിഞ്ഞിരുന്ന ഇവര്‍ ഏതൊരു യാത്രാ പ്രേമിയുടെയും പ്രചോദനം തന്നെയായിരുന്നു. വിജയേട്ടന്റെ വേര്‍പാട് മോഹന ആന്റിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറം ആയിരിക്കും എന്നത് തീര്‍ച്ചയാണ്. നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണാം എന്നു പറഞ്ഞിരുന്നു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.' ഹാര്‍ട്ട് ഡുവോസ് എന്ന വ്‌ളോഗിന്റെ ഫേസ്ബുക്ക് പേജില്‍ ഡോ.മാനസിയും ഡോ.കിരണും കുറിച്ചു.