കോഴിക്കോട്: കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ബീച്ചിലിരിക്കുമ്പോള്‍ ചെസ് കൂടി കളിച്ചാലോ. കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കരുനീക്കങ്ങള്‍ക്കുള്ള അവസരം കൂടിയാണ്. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് വലിയ ചെസ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

അഞ്ചടി നീളത്തിലും വീതിയിലും ടൈലിട്ടാണ് ചെസ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഫൈബര്‍ കൊണ്ടുള്ള ആനയും കുതിരയും കാലാളുമെല്ലാം കളിക്ക് വാശിയേകും. പ്രത്യേകതരത്തിലുള്ള ഫൈബറായതിനാല്‍ വെയിലും മഴയുമേറ്റാലും നശിക്കില്ല. ഇതിനോട് ചേര്‍ന്ന് സി.സി.ടി.വി.യും ഉണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ കരുക്കള്‍ ഇവിടെത്തന്നെ വെക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇക്കാര്യം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കളക്ടറുമായി ചേര്‍ന്ന് ആലോചിച്ച് പിന്നീട് തീരുമാനിക്കും. രണ്ടരലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ കരുക്കള്‍. ബീച്ചിലെ ശില്പങ്ങള്‍ക്ക് സമീപമാണ് ചെസ് ബോര്‍ഡ് ഉള്ളത്.

ഡി.ടി.പി.സി.യുടെ കീഴിലുള്ള ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. സൗത്ത് ബീച്ച്, ശിലാസാഗരം, ബീച്ച് പവിലിയന്‍ എന്നിവയാണ് മോടി കൂട്ടുന്നത്. സോളസ് ആഡ് സൊലൂഷന്‍സ് എന്ന ഏജന്‍സിയാണ് ടെന്‍ഡര്‍ എടുത്ത് ബീച്ച് പരിപാലിക്കുന്നത്. ചുമര്‍ച്ചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, ഭക്ഷണകൗണ്ടര്‍, ഭിന്നശേഷി സൗഹൃദമായ റാമ്പുകള്‍, വൈദ്യുതീകരിച്ചതും നവീകരിച്ചതുമായ വഴിവിളക്കുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. 

ആര്‍ക്കിടെക്ട് വിനോദ് സിറിയക്കാണ് രൂപകല്പന ചെയ്തത്. തെക്കേ കടപ്പുറത്തെ കോര്‍ണിഷ് ബീച്ചിനോട് ചേര്‍ന്നുള്ള ചുമരില്‍ മനോഹര ചിത്രങ്ങള്‍ ഉണ്ട്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിത്തെരുവ് എന്നീ സ്ഥലങ്ങളിലെ കാഴ്ചകളാണ് ചിത്രങ്ങളായി മാറിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍വന്ന് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന സാഹചര്യമാകുമ്പോള്‍ സൗന്ദര്യവത്കരിച്ച ബീച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന പറഞ്ഞു.

Content Highlights: Giant chess board created in Kozhikode beach, travel news