
ഗവി ഡാം, ഒരു കാഴ്ച
സീതത്തോട്: കൊവിഡ് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് നിലച്ചുപോയ ഗവി ടൂറിസത്തിന് റോഡ് തകരാറ് മറ്റൊരു പ്രതിസന്ധിയാകുന്നു. സംസ്ഥാനത്ത് വനം വകുപ്പിന്റെ കീഴിലുള്ള വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ കോവിഡ് ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങളോടെ സന്ദര്‍ശകരെ അനുവദിച്ചിട്ടും ഗവി തുറന്നുകൊടുക്കാനായില്ല. കനത്ത മഴയില്‍ ഇവിടേക്കുള്ള പ്രധാന പാതകളുടെ തകര്‍ച്ചയാണ് ഇപ്പോള്‍ പ്രശ്നമായിട്ടുള്ളത്. ടൂറിസം മേഖലയിലെ അനിശ്ചിതാവസ്ഥ ഫലത്തില്‍ ഗവി നിവാസികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുകയാണ്.
പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട ഗവിയിലെ ജനങ്ങള്‍ക്ക് അവിടേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിരവധിയാളുകള്‍ക്ക് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ വഴിയൊരുക്കിയിരുന്നു. എന്നാല്‍, കോവിഡ് ഉയര്‍ത്തിയ ഭീഷണി മറ്റിടങ്ങളിലെപ്പോലെ ഗവിയിലെ സ്ഥിതിഗതികളും തകിടംമറിക്കുകയായിരുന്നു. മാര്‍ച്ച് 10 മുതല്‍ ഇവിടേക്ക് സഞ്ചാരികളെ കടത്തിവിട്ടിരുന്നില്ല.
ഗവി എന്നും കടുത്ത തൊഴില്‍പ്രതിസന്ധിയുടെ നടുവിലാണ്. ജനങ്ങളധികവും ഏറെ ദുരിതത്തിലാണ്. ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കടന്നുവരവ് സൃഷ്ടിച്ച തൊഴില്‍ സാധ്യതകള്‍ നാട്ടുകാരായ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായി മാറിയിരുന്നു. ടൂറിസം പാക്കേജ്, ടൂറിസ്റ്റ് ഗൈഡ്, കാന്റീന്, വനവിഭവങ്ങളുടെ വില്‍പ്പന തുടങ്ങി വിവിധ മേഖലകളിലായി നിരവധിയാളുകള്‍ക്ക് ചെറിയ വരുമാനം ലഭിക്കാന്‍ വഴിയൊരുക്കിയിരുന്നു.
വനം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഗവി ഏലത്തോട്ടത്തിലെ തുച്ഛമായ കൂലിക്കുള്ള ജോലി മാത്രമാണിവിടെ മറ്റൊരു ജോലിയായി ഉള്ളത്. അതാകട്ടെ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഗവിയില്‍ അഭയാര്‍ഥികളായെത്തിയ നാട്ടുകാര്‍ എന്നും അഭയാര്ഥികളെപ്പോലെതന്നെ കഴിയുന്ന സ്ഥിതിയിലായിരുന്നു.
ഇപ്പോള്‍ ഗവി തുറന്നുകൊടുക്കാമെന്ന് വന്നപ്പോള്‍ കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയില്‍ ഗവിയിലേക്കുള്ള പ്രധാന പാത പലയിടത്തും മണ്ണിടിഞ്ഞ് റോഡ് അപകടനിലയിലായി. ഈവഴി സഞ്ചാരികളെ കടത്തിവിടുന്നത് സുരക്ഷാ പ്രശ്നത്തിനിടയാക്കുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. നേരത്തെതന്നെ ഗവി റോഡ് വലിയതോതില്‍ തകര്‍ന്നുകിടക്കുകയായിരുന്നു. റോഡ് നവീകരണത്തിന് പൊതുമരാമത്ത് നടപടികളാരംഭിച്ചെങ്കിലും പണി എങ്ങുമെത്തിയില്ല. ഇനിയിപ്പോ എന്ന് പണി പൂര്‍ത്തിയാക്കാമെന്ന് ആര്‍ക്കും നിശ്ചയവുമില്ല.
ഗവി അനുബന്ധമായി പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ലോഡ്ജുകളും ടാക്സി സര്‍വീസ് മേഖലയുമെല്ലാം പ്രതിസന്ധിയിലാണ്.
ലോകോത്തര ഇക്കോ ടൂറിസം കേന്ദ്രമെന്നൊക്കെ അധികാരികളുള്പ്പെടെയുള്ളവര് വീമ്പ് പറയുമെങ്കിലും അവിടേക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്പോലും വലിയ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. റോഡിന്റെ നവീകരണ ജോലികള്‍ തുടങ്ങിയിരുന്നതായും കനത്ത മഴയെത്തുടര്‍ന്ന് നിര്ത്തിവയ്ക്കുകയാണുണ്ടായതെന്നും പി.ഡബ്ല്യു.ഡി. പറയുന്നു.
Content Highlights: Gavi Tourism, Gavi Travel, Gavi Trip, Pathanamthitta Tourism, Travel News, Kerala Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..