ഡംബരം നിറഞ്ഞ കെട്ടിടം, കെട്ടിടത്തിനകത്ത് ഷോപ്പിങ് സൗകര്യം, ഫുഡ്കോർട്ടുകൾ... പറഞ്ഞുവരുന്നത് ഏതെങ്കിലും ഷോപ്പിങ് മാളിനെക്കുറിച്ചാണെങ്കിൽ തെറ്റി. ഇന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷനേക്കുറിച്ചാണ്. വികസനപ്രവർത്തനങ്ങളെല്ലാം പൂർത്തിയാവുന്നതോടെ ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിൽ ഇങ്ങനെ ചില കാഴ്ചകൾകൂടി നിങ്ങൾക്ക് കാണാനാവും.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിയുന്നതോടെ റെയിൽവേ സ്റ്റേഷന് വിമാനത്താവളത്തിന്റെ പ്രൗഢിയുണ്ടാവും. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വികസനപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. നവീകരണം പൂർത്തിയാകുന്നതോടെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്കുയരും.

റെയിൽവേ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ റെയിൽവേയ്സ് സ്റ്റേഷൻ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.

ട്രാക്കിന് മുകളിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും ഇവിടത്തെ പ്രധാന ആകർഷണം. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽത്തന്നെ ഇങ്ങനെയൊന്ന് ആദ്യമാണ്. ഷോപ്പേഴ്സ് സ്റ്റോപ്പ്, ബിഗ് ബസാർ തുടങ്ങിയവയടങ്ങുന്ന ഒരു നവീകരിച്ച കെട്ടിടവും റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുണ്ടാവും. 600 പേർക്കിരിക്കാവുന്ന ട്രാൻസിറ്റ് ഹാളും സ്റ്റേഷന്റെ ഭാഗമായുണ്ടാവും. ഈ വർഷം ഡിസംബറോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ഗാന്ധിനഗറിന് പുറമെ ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവേസ്റ്റേഷന്റെ നവീകരണങ്ങളും ഇതേസമയത്ത് തന്നെയാണ് പൂർത്തിയാക്കാനുദ്ദേശിക്കുന്നത്. സ്റ്റേഷൻ കവാടത്തിൽ കണ്ണാടി കൊണ്ടുള്ള താഴികക്കുടം, ചില്ലറ വ്യാപാരകേന്ദ്രങ്ങൾ, നവീകരിച്ച കാത്തുനിൽപ്പു കേന്ദ്രം, ഭക്ഷണശാലകൾ, ആധുനിക ശൗചാലയങ്ങൾ മുതലായവ ഇവിടെയുണ്ടാകും. ഒരു 'ഗ്രീൻ ബിൽഡിങ്' സ്റ്റേഷന്റെ ഭാഗമായുണ്ടാവും. ഊർജക്ഷമതയുള്ള എൽ.ഇ.ഡി ലൈറ്റുകളും ജലശുദ്ധീകരണ പ്ലാന്റും ഈ കെട്ടിടത്തിലുണ്ടാവും. കൂടാതെ താമസത്തിനായി ഹോട്ടലും ഹീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനിലുണ്ടാവും.

Content Highlights:Gandhinagar railway station, Indian Railways, Travel News, Piyush Goyal