കുമരകത്ത് ജി 20 സമ്മേളനത്തിനെത്തിയ വിദേശപ്രതിനിധികൾ, കേരളീയവേഷമായ മുണ്ടും നേരിയതും ധരിച്ച് ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ കായൽയാത്രയ്ക്ക് പോകുന്നു | ഫോട്ടോ: ഇ.വി.രാഗേഷ്
കേരളത്തിന്റെ വനവിഭവങ്ങള്‍ ആസ്വദിച്ച്, കയറിന്റെ കൗതുകങ്ങളും പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗിച്ചുണ്ടാക്കിയ വസ്ത്രങ്ങളും കണ്ട് ജി 20 ഷെര്‍പ്പമാരുടെ സംഘം. കുമരകം കെ.ടി.ഡി.സി. വാട്ടര്‍ സ്‌കേപ്‌സില്‍ നടക്കുന്ന പ്രദര്‍ശനം കാണാനാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സംഘമെത്തിയത്.
പ്ലാസ്റ്റിക് പുനരുപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കിയത് കാണാനാണ് അവര്‍ ആദ്യം പോയത്. തമിഴ്‌നാട്ടിലെ കരൂരില്‍നിന്നുള്ള സ്ഥാപനമാണ് ഇത് പ്രദര്‍ശിപ്പിച്ചിരുന്നത്. ആറ് പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ന്നാല്‍ ഒരു ടീഷര്‍ട്ടാകുമെന്ന് ഇവര്‍ ഷെര്‍പ്പമാരോട് വിശദീകരിച്ചു. രണ്ടുണ്ട് ഗുണം. താരതമ്യേന വിലക്കുറവ്. പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നുള്ള രക്ഷപ്പെടല്‍.
ബോട്ടില്‍ ടു ഗാര്‍മെന്റ് എന്നാണ് ഇവരുടെ ആപ്തവാക്യം. ഒരുതുള്ളി വെള്ളംപോലുമുപയോഗിക്കാതെയാണ് ഇതിന്റെ പ്രവര്‍ത്തനം. പൂര്‍ണമായും പ്ലാസ്റ്റിക് പുനരുപയോഗിച്ചുണ്ടാക്കുന്ന ടീഷര്‍ട്ടിന് 500 രൂപ മുതലാണ് വില. വിദേശപ്രതിനിധികള്‍ക്ക് ഓരോ ജാക്കറ്റ് ഇക്കോലൈന്‍ എന്ന സ്ഥാപനം നല്‍കി. ഇവര്‍ ഇതണിഞ്ഞത് കൗതുകക്കാഴ്ചയായി. അപ്പോഴേക്കും ഇന്ത്യന്‍ ഷെര്‍പ്പ അമിതാഭ് കാന്തും എത്തി. അദ്ദേഹവും ഒരു ജാക്കറ്റണിഞ്ഞു. പിന്നാലെയെത്തിയവരെല്ലാം ഓരോന്ന് എടുത്തപ്പോള്‍ പ്രദര്‍ശനഹാളില്‍ പൊട്ടിച്ചിരി. ഫെബ്രുവരിയില്‍, പ്ലാസ്റ്റിക് കുപ്പികളില്‍നിന്നുണ്ടാക്കിയ ജാക്കറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി അണിഞ്ഞ് രാജ്യസഭയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് അദ്ദേഹത്തിന് അത് സമ്മാനിച്ചത്.
കേരള വനംവകുപ്പിന്റെ സ്റ്റാളില്‍ ചന്ദനമുട്ടി, ഏലം, കുരുമുളക് എന്നിവയെക്കുറിച്ചെല്ലാമുണ്ട്. ചന്ദനമുട്ടി മണത്തുനോക്കിയും ജൈവ ഏലം ചവച്ചും ഷെര്‍പ്പമാര്‍ കേരളത്തിന്റെ വനത്തെക്കുറിച്ചും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആനകളുടെ ചിത്രങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കോഫി ബോര്‍ഡിന്റെ സ്റ്റാളിലെത്തിയ അമിതാഭ് കാന്ത് ഒരു കാപ്പി വാങ്ങിക്കുടിക്കുകയും ചെയ്തു. ടീബോര്‍ഡ്, കയര്‍ബോര്‍ഡ്, കെ.ടി.ഡി.സി. തുടങ്ങിയവയ്ക്കും സ്റ്റാളുകളുണ്ട്.
Content Highlights: G20 Sherpas’ meet Kumarakom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..