ഫോർട്ട്‌കൊച്ചി കടപ്പുറത്ത് പായൽ നിറഞ്ഞ നിലയിൽ
ഫോര്‍ട്ട്കൊച്ചി: ഏതാനും മാസം മുമ്പുവരെ തിരക്കൊഴിയാതിരുന്ന ഫോര്‍ട്ട്കൊച്ചി കടപ്പുറം ഇന്ന് ആളും ആരവവുമില്ലാതെ... മഴ കനത്തതോടെ കായലില്‍ നിന്നൊഴുകിയെത്തുന്ന പായല്‍ കടപ്പുറത്ത് വന്നടിഞ്ഞു നിറഞ്ഞു. കടപ്പുറത്തേക്ക് ഇപ്പോള്‍ ആളുകള്‍ വരുന്നില്ല. മാര്‍ച്ചില്‍ കോവിഡ് ഭീതി തുടങ്ങിയതോടെയാണ് ആളുകള്‍ ഫോര്‍ട്ട്കൊച്ചിയെ ഉപേക്ഷിച്ചത്. ലോക്ഡൗണും പോലീസിന്റെ പരിശോധനകളും കൂടിയായതോടെ ആരും കടപ്പുറത്തേക്ക് വരാതായി. ഇതിനിടയില്‍ കടല്‍ കയറി കടപ്പുറത്തിന്റെ പല ഭാഗവും വെള്ളത്തിലായി.
പായലും പാമ്പും
കടപ്പുറത്ത് പായല്‍ വന്ന് നിറയുന്നതോടെ പാമ്പുകള്‍ കൂടുമെന്ന പ്രശ്‌നവുമുണ്ട്. കടപ്പുറം വൃത്തിയാക്കുന്നതിന് നേരത്തേ ജോലിക്കാരുണ്ടായിരുന്നു. ലോക്ഡൗണായതോടെ ഈ ജോലികളും നടക്കുന്നില്ല. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടപ്പുറം വൃത്തിയാക്കുക പതിവുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ സംഘടനയാണ് ഇതിനായി എത്തിയിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അതും നിലച്ചു. കെ.ജെ. മാക്സി എം.എല്‍.എ. മുന്‍കൈയെടുത്ത് കടപ്പുറം വൃത്തിയാക്കുന്നതിന് വലിയൊരു ക്യാമ്പയിന്‍ തുടങ്ങിയിരുന്നു. പല തവണകളായി സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കടപ്പുറത്തിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കുകയും ചെയ്തു. ഇതോടെ കടപ്പുറത്തെ മാലിന്യങ്ങള്‍ ഒഴിഞ്ഞതാണ്.
നടപ്പില്ല, നീന്തലും
കൊച്ചിയില്‍ കോവിഡ് വ്യാപിച്ചതോടെ ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ നടപ്പുകാര്‍ വഴിമാറിപ്പോയി. പ്രഭാത നടത്തത്തിന് നൂറുകണക്കിനാളുകളാണ് കടപ്പുറത്ത് എത്തിയിരുന്നത്. പുലരും മുമ്പുതന്നെ കടപ്പുറം സജീവമാകുമായിരുന്നു. കടപ്പുറത്തെ ഓപ്പണ്‍ ജിമ്മിലേക്കും ആളുകളെത്തുമായിരുന്നു. കുറച്ച് കഴിയുമ്പോള്‍ നീന്താനും കുളിക്കാനും ആളുകളെത്തും. ഇവരൊന്നും ഇപ്പോള്‍ എത്തുന്നില്ല.

നിലച്ചത് വരുമാനവും
കടപ്പുറത്ത് ആളൊഴിഞ്ഞതോടെ വരുമാനമില്ലാതായത് ഒട്ടേറെ പേര്‍ക്കാണ്. കടപ്പുറത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ധാരാളം ചെറുകിട കച്ചവടക്കാരുണ്ടായിരുന്നു. ഐസ് ക്രീം, കപ്പലണ്ടി തുടങ്ങിയവ വില്‍ക്കുന്നവര്‍ മാത്രം നിരവധിയാണ്. സര്‍ബത്ത് കച്ചവടം മുതല്‍ ഫുഡ് കോര്‍ട്ട് വരെ നീളുന്ന വലിയൊരു കച്ചവട ശൃംഖല തന്നെയുണ്ടായിരുന്നു ഫോര്‍ട്ട്കൊച്ചിയില്‍. ഇതിനിടയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന കച്ചവടക്കാരും. ഒരു ഭാഗത്ത് മത്സ്യക്കച്ചവടവുമുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യക്കച്ചവടവും നിര്‍ത്തി. കടപ്പുറത്തേക്ക് ആളു വരുമ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും ഓട്ടം ലഭിച്ചിരുന്നു. കടപ്പുറത്തേക്കുള്ള വഴികളിലുണ്ടായിരുന്ന ചായക്കച്ചവടക്കാരും ദുരിതത്തിലാണ്.
നിരീക്ഷണം തുടരുന്നു
കടല്‍ കയറിയ സമയത്താണ് കടപ്പുറത്തേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞത്. പിന്നീട് കോവിഡ് വ്യാപനമായി. ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിന്റെ ഭാഗമായി കടപ്പുറത്തും കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി. ഇപ്പോഴും പോലീസിന്റെ നിരീക്ഷണമുണ്ട്. സാമൂഹിക അകലം പാലിച്ച് എത്താമെങ്കിലും ഇപ്പോള്‍ ആളുകള്‍ സ്വമേധയാ കടപ്പുറത്തുനിന്ന് വിട്ടു നില്‍ക്കുകയാണ്.
Content Highlights: Fortkochi Beach, Fortkochi Tourism, Kerala Tourism, Kerala Covid 19, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..