കുളത്തൂപ്പുഴ: പരിസ്ഥിതിക്ക് കോട്ടംതട്ടാതെ ഭൂപ്രകൃതി നിലനിര്‍ത്തി ആധുനികരീതിയില്‍ പണികഴിപ്പിക്കുന്ന ഫോറസ്റ്റ് മ്യൂസിയത്തിന്റെ നിര്‍മാണം കുളത്തൂപ്പുഴയില്‍ പുരോഗമിക്കുന്നു. കുളത്തൂപ്പുഴയുടെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാന പാതയരികില്‍ വനം റേഞ്ച് ഓഫീസ് മന്ദിരത്തോട് ചേര്‍ന്ന കുട്ടിവനവും കല്ലടയാറിന്റെ തീരങ്ങളുമാണ് മ്യൂസിയത്തിനായി ഒരുക്കിയിരിക്കുന്നത്. മരങ്ങളൊന്നും മുറിച്ചുനീക്കാതെ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് പ്രകൃതിസംരക്ഷണം ഉറപ്പാക്കുന്നതാണ് നിര്‍മാണരീതി. വനംവകുപ്പിന്റെ എല്ലാ മ്യൂസിയങ്ങളുടെയും ഒരു ശൃംഖലയും ഇവിടെ ഒരുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള നാച്വറല്‍ ഹിസ്റ്ററി മ്യൂസിയങ്ങളുമായി നെറ്റ്വര്‍ക്ക് മുഖേന ബന്ധിപ്പിക്കും.
ഈ വിഷയത്തില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ഒരുക്കുന്നതിനായി എക്‌സിബിഷന്‍ ഹാള്‍, ഓഡിയോ വിഷ്വല്‍ റൂം, ഇക്കോഷോപ്പും അനുബന്ധ സൗകര്യങ്ങളും, ഗസ്റ്റ്ഹൗസ്, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി നദിക്കരയില്‍ സ്‌നാനഘട്ടവും പൂന്തോട്ടവും എല്ലാം പദ്ധതിയുടെ ഭാഗമാണ്. എല്ലാ ജീവജാലങ്ങളും സസ്യങ്ങളും വൃക്ഷങ്ങളും വനവുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.
പെയിന്റിങ്ങുകള്‍, വ്യത്യസ്തങ്ങളായ ഫോട്ടോ ശേഖരങ്ങള്‍, ശില്പങ്ങള്‍, പുരാവസ്തുശേഖരങ്ങള്‍ തുടങ്ങി കൗതുകമുണര്‍ത്തുന്ന ഒട്ടേറെ സാധ്യതകള്‍ ഒരുക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനോട് ചേര്‍ന്ന് ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കുന്ന കാര്യവും വനംവകുപ്പിന്റെ പരിഗണനയിലുണ്ട്.
ടൂറിസം വികസനത്തിന് അനന്തസാധ്യത, ഭൂപ്രകൃതിക്ക് കോട്ടംതട്ടാതെ നിര്‍മാണരീതി
9.85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ അനുവദിച്ച നാലുകോടി രൂപയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഹാബിറ്റാറ്റ് ഗ്രൂപ്പുമായി വനംവകുപ്പ് കരാര്‍ ഉറപ്പിക്കുകയും 18 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുകയും ചെയ്ത പദ്ധതിയില്‍ വൈവിധ്യങ്ങളായ ഒട്ടേറെ ടൂറിസം സാധ്യതകളാണ് ഒരുക്കിയിട്ടുള്ളത്.
ആദിവാസി ജീവിതം, ആവാസവ്യവസ്ഥ, നദികള്‍, വനജീവിതം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് മിനിയേച്ചര്‍ പാര്‍ക്കും മ്യൂസിയത്തോടൊപ്പം ഒരുക്കുന്നുണ്ട്. പക്ഷിമൃഗാദികളുടെ അസ്ഥികൂടങ്ങള്‍ ശേഖരിച്ച് വര്‍ണാഭമായ മോഡലുകള്‍ ഒരുക്കി സ്വാഭാവിക പരിസ്ഥിതിയിലെന്നപോലെ പ്രദര്‍ശിപ്പിക്കും. വനംമന്ത്രി കെ.രാജു ഒക്ടോബര്‍ 19-ന് ശിലയിട്ട പദ്ധതി ഒരുവര്‍ഷത്തിനകം ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: Forest Museum Kulathoopuzha, Kallada River, Miniature Park Kollam, Travel News, Kerala Tourism