കെനിയയിലെ മസായിമാര വന്യമൃഗസങ്കേതത്തിലെ ചീറ്റപ്പുലികളുടെ അഞ്ചംഗ സംഘം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സങ്കേതത്തില്‍ എത്തുന്നവര്‍ക്ക് ഈ അത്യപൂര്‍വ സംഘത്തെയാണ് കാണാന്‍ ആഗ്രഹം.
അഞ്ച് ആണ്‍ചീറ്റപ്പുലികളാണ് സംഘമായി ചേര്‍ന്ന് വന്യമൃഗ സങ്കേതത്തില്‍ പലയിടങ്ങളിലായി കാണുന്നത്. സാധാരണഗതിയില്‍ രണ്ടോ മൂന്നോ ചീറ്റപ്പുലികളാണ് ഉണ്ടാവുക. എന്നാല്‍ 2016 സപ്തംബര്‍ മുതല്‍ അഞ്ച് ചീറ്റപ്പുലികള്‍ സംഘം ചേര്‍ന്ന് നടക്കുന്നത് വന്യജീവി ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ചീറ്റപ്പുലിയുടെ സ്വഭാവരീതികള്‍ പഠിക്കുന്ന ശാസ്ത്രജ്ഞര്‍ വളരെ ആകാംക്ഷയോടെയാണ് ഈ പ്രതിഭാസം വീക്ഷിക്കുന്നത്.
സംഘം ചേര്‍ന്ന് തന്നെയാണ് വേട്ടയും. മാന്‍ വര്‍ഗത്തില്‍പ്പെടുന്നതും വില്‍സ്ബീസ്റ്റ്, തോംപ്‌സര്‍, ശസല്‍ എന്നീ ഇനങ്ങളിലെ മൃഗങ്ങളെയാണ് വേട്ടയാടുന്നത്. പോരാട്ടം അല്‍പ്പനേരം നീണ്ടുനിന്നേക്കും. കൂര്‍ത്ത നഖങ്ങളും മൂര്‍ച്ചയേറിയ പല്ലുകളും ഉപയോഗിച്ച് ഇരയെ കൊന്നശേഷം പതുക്കെ ഭക്ഷിക്കും.
ദുബായില്‍ ബിസിനസ്സുകാരനും മലയാളിയുമായ തോമസ് വിജയനാണ് അഞ്ച് പോരാളികളെ ഈയിടെ ക്യാമറയില്‍ പകര്‍ത്തിയത്. 60 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന് ബി.ബി.സി., സ്മിക്ക് സോണിയന്‍ എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇതിനകം പ്രശ്‌സതനായ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പേരെടുത്ത അദ്ദേഹം ഈയിടെ കൊച്ചിയില്‍ എത്തിയപ്പോഴാണ് മാതൃഭൂമി ഓണ്‍ലൈനിന് ചിത്രങ്ങള്‍ കൈമാറിയത്.
വനംവകുപ്പിന്റെ അനുമതി വാങ്ങിയ ശേഷം ഒരു നിലാവുള്ള രാത്രിയില്‍ ചീറ്റപ്പുലികളെ നിരീക്ഷിച്ച് ക്യാമറയില്‍ പകര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.