വെല്ലിങ്ടണ്‍, ന്യൂസിലന്‍ഡ്: 600 ദിവസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്ത് ഫിജി. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികളുമായി രാജ്യം സഞ്ചാരികളെ വരവേറ്റത്. ബുധനാഴ്ചയെത്തിയ വിമാനത്തില്‍ സിഡ്‌നിയില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു യാത്രക്കാര്‍. പരമ്പരാഗത നൃത്തരൂപങ്ങളുടേയും മറ്റും അകമ്പടിയോടെയാണ് സഞ്ചാരികളെ വിമാനത്താവളത്തില്‍ വരവേറ്റത്. ആസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള കൂടുതല്‍ വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ ഫിജിയിലെത്തും.

Fiji 2

കഴിഞ്ഞ 20 മാസമായി ഇങ്ങനെയൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് ഫിജി എയര്‍ വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ആന്ദ്രേ വില്‍ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിനെ ചെറുക്കാനായി ശക്തമായ പ്രതിരോധമാര്‍ഗങ്ങളാണ് വിമാനത്തില്‍ ഒരുക്കിയത്. ഒമിക്രോണ്‍ ഭീതി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ യാത്രക്കാര്‍ അടുത്തിടെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതോടെ വിമാനം ബുക്ക് ചെയ്ത പലരും ടിക്കറ്റ് റദ്ദ് ചെയ്തിരുന്നു. പക്ഷേ വൈകാതെ തന്നെ അവര്‍ വീണ്ടും ബുക്ക് ചെയ്‌തെന്നും പുതിയ ബുക്കിങ്ങുകള്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Fiji 3

അടുത്ത ഏതാനും മാസത്തേക്കുള്ള കണക്ക് പരിഗണിച്ചാല്‍ 75,000 വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് വരാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ടൂറിസം ഫിജി ചീഫ് എക്‌സിക്യൂട്ടീവ് ബ്രെന്റ് ഹില്‍ പറഞ്ഞു. ഡെല്‍റ്റാ വകഭേദത്തിന്റെ കടന്നാക്രമണത്തില്‍ 700 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ പ്രതിദിനം അഞ്ച് പുതിയ രോഗികളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ നടത്തിയ പഠന പ്രകാരം ഫിജിയിലെ 64 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവരും 70 ശതമാനം ഒരു ഡോസെങ്കിലും എടുത്തവരുമാണ്.

Fiji 4

രാജ്യത്തെ സമ്പദ്ഘടനയെ സജീവമാക്കുന്ന പ്രധാന മേഖലയാണ് വിനോദസഞ്ചാരം. വെള്ള മണല്‍ നിറഞ്ഞ ബീച്ചുകളാണ് ഫിജിയുടെ പ്രധാന ആകര്‍ഷണം. കോവിഡിന്റെ ആഘാതത്തില്‍ സമ്പദ് വ്യവസ്ഥയുടെ 19 ശതമാനമാണ് കഴിഞ്ഞവര്‍ഷം ഇടിവുണ്ടായത്. ഫിജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

Content Highlights: Fiji Tourism, Omicron Threat, Fiji Welcomes Back Tourists