ഫറോക്ക്: അവഗണനയുടെ മുകളിലിങ്ങനെ നില്‍പ്പാണ് ഫറോക്ക് പഴയപാലം. ബ്രിട്ടീഷ് നിര്‍മിത പാലത്തിലെ സുരക്ഷാ കമാനങ്ങള്‍ തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി എങ്ങുമെത്താത്ത അവസ്ഥ. പാലത്തിലെ അഞ്ച് സുരക്ഷാകമാനങ്ങളാണ് വാഹനമിടിച്ചും തുരുമ്പെടുത്തും തകര്‍ന്നുകിടക്കുന്നത്. 150-വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ണമായും പച്ചിരുമ്പുകൊണ്ട് നിര്‍മിച്ചതാണ് ഫറോക്ക് പഴയപാലം. പാലത്തിന്റെ സുരക്ഷയെ കരുതിയാണ് മുകള്‍ഭാഗത്തെ ബന്ധിപ്പിച്ച് സുരക്ഷാകവചങ്ങള്‍ പണിതത്. 

എന്നാല്‍, യഥാസമയം അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ തുരുമ്പുകയറി. മാത്രമല്ല, ഉയരംകൂടിയ വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ പാലത്തില്‍ പ്രവേശിക്കാന്‍ തുടങ്ങിയതോടെ ഇരുവശത്തുമുള്ള സുരക്ഷാകമാനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. നേരത്തേ 3.60 മീറ്ററിലും ഉയരമുള്ള വാഹനങ്ങള്‍ പാലത്തില്‍ കയറുന്നത് നിരോധിച്ചുകൊണ്ട് പാലത്തിന്റെ വശങ്ങളില്‍ ബോര്‍ഡുകള്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല .

ക്യാമറകള്‍ സ്ഥാപിക്കണം

രണ്ടുവര്‍ഷംമുമ്പ് പാലത്തിലേക്കുള്ള പ്രവേശനകവാടത്തിന് പത്തുമീറ്റര്‍ അകലെ ഉയരംകൂടിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കരുവന്‍തിരുത്തി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ എറണാകുളം ഭാഗത്തേക്കുള്ള ചരക്കുലോറികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പഴയപാലം വഴിയാണ് കടന്നുപോവുന്നതും.

മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഉയരംകൂടിയ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പ്രധാനമായും പാലത്തിനു മുകള്‍ഭാഗത്തെ സുരക്ഷാകവചങ്ങള്‍ തകരുന്നതിന് പ്രധാന കാരണം. ഇനിയും പാലത്തിന്റെ സുരക്ഷാകവചങ്ങള്‍ തകരുന്നതിനുമുന്‍പ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. 

പഴയപാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കുശേഷം സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, ഉയരംകൂടിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് തടയാനുള്ള സുരക്ഷാകമാനത്തിന്റെ എസ്റ്റിമേറ്റ് നല്‍കിട്ടുണ്ടെന്നും അതിനുശേഷം അറ്റകുറ്റപ്പണിക്കായുള്ള എസ്റ്റിമേറ്റ് നല്‍കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന കണ്ണികള്‍

ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് മാര്‍ച്ച് നടത്താനാണ് മമ്മിളിദേശത്തെ ചെറുവണ്ണൂരിനെയും ഫറോക്കിനെയും ബന്ധിപ്പിച്ച് മമ്മിളിപ്പുഴയ്ക്ക് കുറുകെ (ഇന്നത്തെ ചാലിയാര്‍) 237 മീറ്റര്‍ നീളത്തില്‍ ഇരുമ്പുകവചിത പാലം നിര്‍മിച്ചത്. 1888 ജനുവരി രണ്ടിനു യാത്രയ്ക്കും റെയില്‍ ഗതാഗതത്തിനുമായി തുറന്നുനല്‍കി. വളരെക്കുറച്ച് മാത്രമേ മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. 

പ്രധാനമായും കാളവണ്ടി, സൈക്കിള്‍റിക്ഷ എന്നിവയായിരുന്നു കടന്നുപോയിരുന്നത്. 1861-ലാണ് ചാലിയത്ത് ആദ്യ റെയില്‍പ്പാളം വരുന്നത്. ചാലിയത്തുനിന്ന് കോഴിക്കോടുവരെ റെയില്‍വേ നീട്ടണമെന്ന കോഴിക്കോട് പൗരാവലിയുടെ ആവശ്യവും പാലം യാഥാര്‍ഥ്യമാവാന്‍ കാരണമായി.

ബ്രിട്ടീഷ് നിര്‍മിത സ്മാരകങ്ങളില്‍ ഏറ്റവും പ്രധാനവുമാണിത്. പാലത്തിന്റെ മുകള്‍ഭാഗത്ത് നാല്‍പത്തിയൊന്ന് സുരക്ഷാകമാനങ്ങളുമുണ്ട്. എണ്‍പത് സെന്റിമീറ്റര്‍ വീതിയുള്ള ഭീമന്‍ ഇരുമ്പ് തൂണുകളും ഇടവിട്ട് മുപ്പത്തിയഞ്ച് സെന്റീമീറ്റര്‍ വീതിയിലുള്ള ഇരുമ്പു തൂണുകളും ഇവയ്ക്ക് കവചിതമായി ഒട്ടേറെ ഇരുമ്പുചട്ടകളാലുമാണ് പാലം നിര്‍മിതി.

Content Highlights: faroke old bridge in destructive stage; no change for old bridge