ആലപ്പുഴ കഞ്ഞിക്കുഴിയിലെ കർഷകർ ഫാം ടൂറിസത്തിന്റെ വഴിയിലാണ്. മികച്ച ജൈവ പച്ചക്കറി ഉത്പാദിപ്പിച്ചു വിൽക്കുന്നതിനൊപ്പം സൂര്യകാന്തിയും ചെണ്ടുമല്ലിപ്പൂവും വിരിയിച്ച് ആളുകളെ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുകയാണവർ. ഒപ്പം കഴിക്കാൻ നാടൻ ഭക്ഷണവും. മാറുകയാണ് കൃഷിയും കർഷകരും. തിരുവിഴ ദേവസ്വം ഭൂമിയിൽ കർഷകരായ ജ്യോതിഷും അനിൽലാലും ചേർന്നു നിർമിച്ച കൃഷിയിടത്തിലെ സൂര്യകാന്തി പാടത്തുകൂടി വിളവെടുത്ത പച്ചക്കറിയുമായി പോകുന്നവർ | ഫോട്ടോ: സി. ബിജു
മാരാരിക്കുളം : അടച്ചുപൂട്ടലിന്റെ നാളുകൾ പിന്നിട്ടെങ്കിലും കുടുംബസമേതം ഒന്നിച്ചൊരു യാത്ര പലർക്കും പേടിസ്വപ്നമാണ്. നാട്ടിൽത്തന്നെയുള്ള കാഴ്ചകളാസ്വദിക്കാൻ കുടുംബങ്ങൾ രംഗത്തിറങ്ങിയപ്പോൾ കർഷകരുടെ ഫാം ടൂറിസം വിജയത്തിലേക്ക്. ചെറുതും വലുതുമായ പത്തോളം ഫാം ടൂറിസം കേന്ദ്രങ്ങളാണു ചേർത്തല താലൂക്കിലുള്ളത്. പൂക്കളുടെ ഭംഗി ആസ്വദിക്കാനും ഇഷ്ടമുള്ള പച്ചക്കറി തോട്ടത്തിൽനിന്നുതന്നെ പറിച്ചെടുക്കാനും ചൂണ്ടയിട്ടു മീൻപിടിക്കാനും നാടൻ ഭക്ഷണം കഴിക്കാനുമൊക്കെ സൗകര്യം ഒരുക്കിയിട്ടുള്ള കർഷകരെ തേടിയിറങ്ങുകയാണു ജനം.
പച്ചക്കറി വിപണനത്തിനുപുറമേ സന്ദർശക പാസിലൂടെ മറ്റൊരു വരുമാനം കൂടി കർഷകർക്കു കിട്ടുന്നു. ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ വെല്ലുന്ന സൗകര്യം നാട്ടിലെ കർഷകരൊരുക്കിയപ്പോൾ ചെറുപ്പക്കാർ സേവ് ദി ഡേറ്റും പ്രണയരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതും ചൊരിമണലിലായി.
തുടക്കം സൂര്യകാന്തിയിൽനിന്ന്
കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്ത് യുവകർഷകനായ സുജിത്ത് സ്വാമിനികർത്തിൽ നടത്തിയ സൂര്യകാന്തി കൃഷിയുടെ വിജയമാണ് ഈ രംഗത്തേക്കു കൂടുതൽ പേരെ ആകർഷിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി നടത്തിയ ഓണം ജൈവോത്സവവും വിജയംകണ്ടു. ചേർത്തല മരുത്തോർവട്ടം പള്ളി അങ്കണത്തിലും മതിലകത്തുമായി നടക്കുന്ന പുഷ്പോത്സവും വിജയം നേടി.
ഇപ്പോൾ തിരുവിഴ ദേവസ്വം ഇലഞ്ഞിയിൽ പാടത്ത് തുടങ്ങിയ ഫാം ടൂറിസം കേന്ദ്രത്തിലും വലിയ തിരക്കാണ്. പൂച്ചെടി നടുമ്പോൾ ഇടവിളയായി ചീരയും വെള്ളരിയും നടും. ആദ്യം ചീര വിളവെടുക്കും. പിന്നീട്, പൂക്കൾ വിടരും. പൂക്കളുടെ ശോഭ തീരുമ്പോൾ വെള്ളരിവിളവെടുക്കാം. ഇതാണ് കർഷകരുടെ രീതി. മീൻ വളർത്തൽ കേന്ദ്രങ്ങളാണു ചൂണ്ട ഇടൽ കേന്ദ്രമായി മാറുന്നത്. പിടിക്കുന്ന മീനിന്റെ വിലയാണ് നൽകേണ്ടത്. നാടൻ ഭക്ഷണം തയ്യാറാക്കൽ കുടുംബശ്രീക്കാർക്കു വരുമാനമാർഗമായി.
പ്രധാനമായും മൂന്നിടത്ത്
മരുത്തോർവട്ടം, മതിലകം, തിരുവിഴ ഇലഞ്ഞിയിൽപ്പാടം എന്നിവിടങ്ങളിലാണ് ഏക്കറുകണക്കിനുള്ള ഫാമുകളിൽ കൃഷി നടക്കുന്നത്. കൂടാതെ കർഷകരുടെ വീടുകളുമായി ബന്ധപ്പെട്ടു ചെറിയ കൃഷികളുമുണ്ട്. ഒരേക്കറിൽ 50,000 രൂപ മുടക്കിയാൽ മൂന്നു മാസത്തിനുള്ളിൽ ഒരുലക്ഷം രൂപയെങ്കിലും കിട്ടുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. വലിയ മഴയും വെള്ളപ്പൊക്കവുമൊക്കെയാണു ഭീഷണി. ചീര, വെള്ളരി തുടങ്ങിയവ വിൽക്കുമ്പോൾത്തന്നെ നല്ല വരുമാനം കിട്ടും. പൂവ് ബന്തിയാണെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 80 രൂപ വരെ വിലയുണ്ട്. പ്രവേശന പാസിലൂടെയും വരുമാനം നേടാം. തരിശുനിലത്താണു കൃഷിയെങ്കിൽ സർക്കാർ സഹായവും ലഭിക്കും.
Content Highlights: farm tourism, travel with family, kerala tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..